Type Here to Get Search Results !

Bottom Ad

പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര കീഴ്ത്തറ തറയില്‍വീട് തറവാട് ഭവനം കുടികൂടലും പുനഃപ്രതിഷ്ഠയും 27, 28, 29 തീയതികളില്‍

പാലക്കുന്ന്:(www.evisionnews.co)പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര കീഴ്ത്തറ തറയില്‍വീട്തറവാട് ഭവനം കുടികൂടലും പുനഃപ്രതിഷ്ഠയും 27, 28, 29 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രം പെരുമുടിത്തറ, മേല്‍ത്തറ, കീഴ്ത്തറ എന്നീ മൂന്നുതറകള്‍ അടിസ്ഥാനമായി നിലനിന്നുവരുന്നു. ഇതില്‍ കീഴ്ത്തറ തറവാട് നശിച്ചിട്ട് നൂറുവര്‍ഷത്തിനുമേലെയായി. ഈ തറവാടിന്റെ പുനര്‍നിര്‍മ്മാണം പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണസമിതിയും ക്ഷേത്ര സ്ഥാനികരുടെയും മുപ്പത് പ്രാദേശിക സമിതികളും തറവാട്ടംഗങ്ങളും നാട്ടുകാരും യു.എ.ഇ. കമ്മിറ്റിയും ഇതര സമുദായങ്ങളുടെയും നിര്‍ലോഭമായ സഹായ സഹകരണത്താല്‍ ചാത്തംകൈ, ചെമ്പരിക്ക എന്നസ്ഥലത്ത് പൂനര്‍നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

മൂന്നുതറയില്‍ കുടികൊള്ളുന്ന ദേവീദേവന്മാര്‍ പെരുമുടിത്തറയില്‍ മൂത്ത ഭഗവതി നാല്‍വരും കൂടാതെ ധര്‍മ്മദൈവത്തെയും. മേല്‍ത്തറയില്‍ ഇളയഭഗവതി, ഘണ്ഡാകര്‍ണ്ണനും കൂടാതെ ധര്‍മ്മദൈവങ്ങളെയും ആരാധിച്ചുവരുന്നു. കീഴ്ത്തറയില്‍ ദണ്ഡന്‍ ദൈവത്തെയും പടിഞ്ഞാറ്റയില്‍ കുതിരക്കാളിയമ്മയുടെ ദീപസങ്കല്പത്തിന് പുറമെ ധര്‍മ്മദൈവമായ വിഷ്ണുമൂര്‍ത്തിയെയും വയനാട്ടുകുലവനെയും പൊട്ടന്‍ദൈവത്തെയും ആരാധിച്ചുവരുന്നു.

കഴകക്ഷേത്രത്തില്‍ പൂരോത്സവത്തിന്റെ ഭാഗമായി നടത്തിവരാറുള്ള മറത്തുകളി ഈ മൂന്ന് തറയില്‍വീടുകളില്‍ പന്തലിട്ട് ദൈവത്തറയില്‍ പൂവിട്ടശേഷമാണ് പൂരക്കളി ആരംഭിക്കുന്നത്. പൂരോത്സവത്തിന്റെ സമാപന നാളില്‍ മൂന്നുതറയില്‍ നിന്നുള്ള പണിക്കന്മാര്‍ പാലക്കുന്ന് തമ്പുരാട്ടിയമ്മയുടെ തിരുസന്നിധിയില്‍ മറത്തുകളി കളിക്കുന്നത് പതിവാണ്.

നവംബര്‍ 27ന് രാവിലെ 10 മണി മുതല്‍ വിവിധ പ്രാദേശിക സമിതികളുടെ കലവറ ഘോഷയാത്ര, 28ന് വൈകുന്നേരം 7 മണിക്ക് ശില്പിപൂജ, 29ന് രാവിലെ 4.00 മണിക്ക് ഗണപതിഹോമം, 9.30ന്: ഗൃഹപ്രവേശം, 9.45 മുതല്‍ 10.24 വരെയുള്ള ഉത്രട്ടാതി നാലാംകാലില്‍ കുംഭം രാശി ശുഭമുഹൂര്‍ത്തത്തില്‍ ദേവപ്രതിഷ്ഠ, തുടര്‍ന്ന് പുത്തരിക്ക് കുലകൊത്തല്‍, ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം, വൈകുന്നേരം സന്ധ്യാദീപം, ദീപാരാധന, തുടര്‍ന്ന് ചന്ദ്രഗിരി ചന്ദ്രശേഖര ക്ഷേത്ര ഭജനസംഘത്തിന്റെ ഭജന എന്നിവ നടക്കും. ഡിസംബര്‍ 07ന് പുത്തരികൊടുക്കല്‍ ചടങ്ങ് നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. 

പത്രസമ്മേളനത്തില്‍ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര സ്ഥാനികന്‍ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ബാബു മണിയങ്ങാനം, കണ്‍വീനര്‍ വിനു, തറവാട്ടംഗം അപ്പക്കുഞ്ഞി, കുമാരന്‍ മഠത്തില്‍, അനില്‍ കണ്ണന്‍, സി. കുഞ്ഞിരാമന്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad