Type Here to Get Search Results !

Bottom Ad

കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ട; പഠിപ്പുമുടക്കി സമരം ചെയ്യുന്നവരെ പുറത്താക്കാന്‍ ഹൈക്കോടതി നിര്‍ദേശം


കൊച്ചി കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്നു ഹൈക്കോടതി. സമരവും സത്യഗ്രവും വിദ്യാലയങ്ങളില്‍ പാടില്ല. പഠിപ്പുമുടക്കി സമരം ചെയ്യുന്നവരെ പുറത്താക്കണമെന്നും കോടതി നിര്‍ദേശിച്ചു. പൊന്നാനി എംഇഎസ് കോളജില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തിന്റെ പശ്ചാത്തലത്തില്‍ കോളജ് അധികൃതര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി കടുത്ത നിര്‍ദേശങ്ങള്‍ നല്‍കിയത്. ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടക്കാല ഉത്തരവാണിത്. ഈ മാസം 16ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

കലാലയങ്ങള്‍ സമരത്തിനുള്ള വേദികളല്ല, പഠിക്കാനുള്ളവയാണ്. പഠിക്കാനായി മാത്രമാണ് വിദ്യാര്‍ഥികള്‍ അവിടേക്കു പോകുന്നത്. അതല്ല, സമരങ്ങളും ധര്‍ണകളും സത്യഗ്രങ്ങളും വഴി രാഷ്ട്രീയഭാവി നേടിയെടുക്കാനുള്ള ശ്രമമാണെങ്കില്‍ അതിനുവേണ്ടി പഠനം ഉപേക്ഷിച്ചു പോകേണ്ടതാണ്. കോളജുകളിലെ വിദ്യാഭ്യാസ അന്തരീക്ഷത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം സമരങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികളെ പുറത്താക്കാന്‍ കോളജ് അധികൃതര്‍ക്ക് അധികാരമുണ്ട്.

എംഇഎസ് കോളജില്‍ പന്തല്‍ കെട്ടി സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ കോളജ് അധികൃതര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത്തരം സമരങ്ങള്‍ അനുവദിക്കാന്‍ പാടില്ല, കോളജ് അധികൃതര്‍ ആവശ്യപ്പെട്ടാല്‍ പൊലീസ് ഇടപെട്ടു കോളജിനുള്ളിലും പുറത്തുമായുള്ള ഇത്തരം സമരപ്പന്തലുകള്‍ നീക്കം ചെയ്യേണ്ടതാണ്. പഠനവും സമരവും ഒന്നിച്ചുപോകില്ല. ഇവ ഒന്നിച്ചുകൊണ്ടുപോകുന്നവരെ പുറത്താക്കാന്‍ ഏതു നടപടിയും കോളജ് അധികൃതര്‍ക്കു സ്വീകരിക്കാമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad