തിരുവനന്തപുരം: ആർഎസ്എസ് അജണ്ട വിലപ്പോകാത്തതിലെ നിരാശ മൂലമാണ് അവർ കേരളത്തെ ജിഹാദി കേന്ദ്രമായി വിശേഷിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടിയെടുക്കാതെ പ്രസ്താവന മാത്രം ഇറക്കി ആര്‍എസ്എസിനെ നേരിടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമം ലംഘിച്ച് പതാക ഉയര്‍ത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ നടപടിയെടുക്കാന്‍ പോലും പിണറായി സര്‍ക്കാരിനു കഴിഞ്ഞില്ല. സംസ്ഥാന സര്‍ക്കാര്‍ സംഘപരിവാറിനോടു കാണിക്കുന്ന മൃദുസമീപനമാണ് അവര്‍ക്ക് കൂടുതല്‍ ധൈര്യം പകരുന്നത്.
ആളുകളെ തമ്മിലടിപ്പിക്കാന്‍ വേണ്ടി വ്യാജ വിഡിയോ പ്രചരിപ്പിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, വിഷം വമിപ്പിക്കുന്ന പ്രസംഗം നടത്തിയ കെ.പി. ശശികല എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ ഇട്ടതിനുശേഷം ചെറുവിരല്‍ പോലും സര്‍ക്കാര്‍ അനക്കിയിട്ടില്ല. പറവൂരില്‍ ലഘുലേഖ വിതരണം ചെയ്തതിന് വിസ്ഡം പ്രവര്‍ത്തകരെ തല്ലിച്ചതച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു പൊലീസ് സ്റ്റേഷനില്‍ കസേരയിട്ട് നല്‍കുകയും തല്ലുകൊണ്ടവര്‍ക്കെതിരെ കേസ് എടുത്ത് ജയിലില്‍ അടക്കുകയും ചെയ്തതിന്റെ ദോഷഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.
പണം വാരിയെറിഞ്ഞും ചോരപ്പുഴ ഒഴുക്കിയും അസത്യങ്ങള്‍ പ്രചരിപ്പിച്ചും ജനങ്ങളെ തമ്മിലടിപ്പിച്ചുമാണ് എല്ലാ വര്‍ഗീയവാദികളും എല്ലാകാലത്തും നേട്ടങ്ങള്‍ ഉണ്ടാക്കാറുള്ളത്. ഇവരുടെ അജണ്ടകള്‍ മനസിലാക്കാന്‍ ബുദ്ധിയുള്ള ജനങ്ങള്‍ ഇത്തരം ശക്തികളില്‍നിന്നും അകന്നു നില്ക്കുക സ്വാഭാവികം. സംഘപരിവാറില്‍നിന്നും ഇത്തരം ഒരു അകന്നു നില്‍ക്കലാണ് കേരളം പതിറ്റാണ്ടുകളായി സ്വീകരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തത് മുതല്‍ ബാബ്റി മസ്ജിദ് തല്ലിതകര്‍ത്തത് ഉള്‍പ്പെടെയുള്ള പാപത്തിന്റെ വിഴുപ്പു ഭാണ്ഡം ചുമക്കുന്ന സംഘപരിവാറിനു കേരളമനസില്‍ ഒരു ഇടം നേടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും മലയാളിയുടെ മതേതരമനസിനു പോറലേല്‍പ്പിക്കാന്‍ ആര്‍എസ്എസിനു കഴിയുന്നില്ല. ഈ നിരാശയില്‍ നിന്നുണ്ടായ വിഭ്രാന്തിയും പുലമ്പലുമാണ് കേരളം ജിഹാദികളുടെ കേന്ദ്രമാണെന്ന ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന – രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ണടക്കുകയും കലക്ടറെ സ്ഥലംമാറ്റുകയും ചെയ്തതോടെയാണു സംസ്ഥാനത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിലേക്ക് ആര്‍എസ്എസ് മാറിയത്. സംഘപരിവാറിനെതിരെ പ്രസ്താവനകളും ഫെയസ്ബുക് പോസ്റ്റുകളും മുഖ്യമന്ത്രി കുറെ നടത്തുന്നുണ്ട്. ഇനി ഇതൊക്കെ മതിയാക്കി നടപടി ആരംഭിക്കാന്‍ തയാറാകണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നടപടി ആരംഭിച്ചാല്‍ കൊള്ളരുതായ്മകള്‍ താനേ അവസാനിക്കും. ആര്‍എസ്എസ് വിമുക്ത കേരളം എന്ന ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ കേരളം ഒറ്റക്കെട്ടായി നില്ക്കും. ഇരയോടും വേട്ടക്കാരനോടും ഒപ്പം ഓടുന്ന രീതി മതിയാക്കി പ്രവര്‍ത്തിക്കണമെന്ന് ചെന്നിത്തല ഓര്‍മിപ്പിച്ചു.
Post a Comment
0 Comments