Type Here to Get Search Results !

Bottom Ad

സിനിമയുടെ വ്യാജന്‍ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്‌സ് അഡ്മിന്‍ അറസ്റ്റില്‍


ചെന്നൈ : (www.evisionnews.co) പുത്തന്‍ തമിഴ് സിനിമകള്‍ വെബ്‌സൈറ്റില്‍ അനധികൃതമായി റിലീസ് ചെയ്തിരുന്ന സംഘത്തലവന്‍ പിടിയില്‍. തിരുപ്പത്തൂര്‍ സ്വദേശി ഗൗരി ശങ്കറിനെ ചെന്നൈയില്‍നിന്ന് അറസ്റ്റു ചെയ്‌തെന്നാണു റിപ്പോര്‍ട്ട്. തമിഴ് റോക്കേഴ്‌സ് അഡ്മിന്‍ എന്ന പേരില്‍ വിവിധ വെബ്സൈറ്റുകളില്‍ സിനിമ അപ്ലോഡ് ചെയ്തിരുന്നത് ഇയാളെന്ന് പൊലീസ് പറയുന്നു. ഗൗരി ശങ്കര്‍ തമിഴ്ഗണ്‍.കോമിന്റെ മുഖ്യ അഡ്മിനും തമിഴ്‌റോക്കേഴ്‌സിന്റെ മൂന്നാം തല അഡ്മിനുമാണെന്നുമാണ് റിപ്പോര്‍ട്ട്.

നടന്‍ വിശാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇവരെക്കുറിച്ചു പൊലീസിനു വിവരം നല്‍കിയത്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിയറ്റില്‍ റിലീസ് ആകുന്നതിനൊപ്പം ചിത്രത്തിന്റെ പകര്‍പ്പുകള്‍ സൗജന്യമായി വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. സിനിമയുടെ വ്യാജപതിപ്പിറക്കി വ്യവസായത്തെ തുരങ്കം വയ്ക്കുന്നവര്‍ക്കെതിരെ വിശാലിന്റെ നേതൃത്വത്തില്‍ തമിഴ് താരങ്ങള്‍ കുറച്ചുകാലമായി രംഗത്തുണ്ട്. ഗൗരി ശങ്കറിന്റെ അറസ്റ്റിനു പിന്നാലെ വിശാല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയെന്നാണു വിവരം.തമിഴ് ഗണ്‍ ഉള്‍പ്പെടെ നൂറിലധികം വ്യാജ പേരുകളില്‍ സൈറ്റുകള്‍ നടത്തിയാണ് പുതിയ സിനിമകള്‍ ഇയാള്‍ അപ് ലോഡ് ചെയ്തിരുന്നത്. നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും വ്യജപതിപ്പുകളുടെ പ്രചാരണം ഇവര്‍ തുടരുകയായിരുന്നു. തമിഴ് കൂടാതെ, പുതിയ മലയാളം, ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളും അപ്ലോഡ് ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഗൗരി ശങ്കറിനെ ചോദ്യം ചെയ്യുകയാണ്. കൂടുതല്‍ പേര്‍ വരുംദിവസങ്ങളില്‍ പിടിയിലായേക്കുമെന്നാണ് സൂചന.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad