Type Here to Get Search Results !

Bottom Ad

വ്യാജരേഖകളുണ്ടാക്കി കർണാടകയിൽ നിന്നും കോടികളുടെ മണൽക്കടത്ത്; കൊള്ള നടത്തുന്നത് പൊതു മേഖല സ്ഥാപനമായ കെംഡൽ കരാർ നൽകിയ സ്വകാര്യ കമ്പനി


കാസർകോട്:(www.evisionnews.co)വ്യാജരേഖകളുണ്ടാക്കി കർണാടകയിൽ നിന്നും വ്യാപകമായി കേരളത്തിലേക്ക് മണൽ കടത്തുന്നു.കേരളത്തിലെ സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനമായ കെംഡലിൽ(കേരള സ്റ്റേറ്റ് മിനറല്‍ ഡെവലപ്മെന്റ് കോ– ഓപ്പറേഷന്‍ ലിമിറ്റഡ്)നിന്നും മണൽ വിതരത്തിനായി കരാർ ഏറ്റെടുത്ത ഐ ഇ കൺസ്ട്രക്ഷൻ എന്ന സ്വകാര്യ കമ്പനിയാണ് മാസം തോറും അനധികൃതമായി കോടികളുടെ മണൽക്കടത്ത് നടത്തുന്നത്.
കെംഡലുമായുള്ള കരാറിന് വിരുദ്ധമായ പ്രവർത്തനങ്ങളാണ് കോടികളുടെ കൊള്ള ലാഭം ഉണ്ടാക്കുവാനായി ഐ ഇ എന്റർ പ്രൈസസ് നടത്തിവരുന്നത്. മംഗലാപുരത്തെ അഡ്ഡ്യാറിൽ നിന്നാണ് മണൽ കൊണ്ട് വരുന്നത്. കരാർ പ്രകാരം 1000 ടണ്ണോളം മണൽ മാത്രമാണ് കേരളത്തിലേക്ക് കൊണ്ടുവരാൻ വ്യവസ്ഥ ചെയ്തിരിക്കുന്നത്.എന്നാൽ ഇതിനേക്കാൾ എത്രയോ മടങ്ങ് അധികം മണലാണ് കേരളത്തിലേക്ക് കടത്തുന്നത്.അഡ്ഡ്യാറിൽ നിന്നും കൊണ്ട് വരുന്ന മണൽ, ഒറീസയിൽ നിന്നും കൊണ്ട് വരുന്നതാണെന്ന് കാണിച്ചും വൻ തട്ടിപ്പാണ് ഐ ഇ നടത്തുന്നത്.ഇതിനായി വ്യാജമായി ചെക്ക് പോസ്റ്റ് ബില്ലും സീലും ഉപയോഗിച്ച് വരുന്നു.ഒറീസയിൽ നിന്നും കൊണ്ട് വരുന്ന ഒരു ടൺ മണൽ 1300 രൂപയ്ക്ക് കെംഡലിനു നൽകണമെന്നാണ് വ്യവസ്ഥ.എന്നാൽ ചിലവ് പരിഗണിക്കുമ്പോൾ ടണ്ണിന് 2000 ത്തിലധികം രൂപയാണ് മണലിന് വരിക.ഇത്രയും കുറഞ്ഞ തുകയ്ക്ക് കെംഡൽ ഐ ഇ കൺസ്ട്രക്ഷൻ കമ്പനിക്ക് കറാർ നൽകിയത് തട്ടിപ്പ് നടത്താൻ വേണ്ടി മാത്രമാണെന്നും ആരോപണമുണ്ട്.
ഒറീസ്സയിൽ നിന്നാണെന്ന് കാണിച്ച് അഡ്ഡ്യാറിൽ നിന്നും കൊണ്ട് വരുന്ന മണൽ മഞ്ചേശ്വരത്തെ കിദം പാടിയിലാണ് സ്റ്റോക്ക് ചെയ്യുന്നത്. ഇവിടെ നിന്നാണ് കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലയിലെ ആവശ്യക്കാർക്ക് കൊള്ളവിലയ്ക്ക് മണൽ നൽകുന്നത്.കൂടാതെ കർണാടകയിലെ അനധികൃത കടവുകളിൽ നിന്നും ടണ്ണിന് 500 രൂപയ്ക്ക് ശേഖരിക്കുന്ന മണലും കിദം പാടിലേക്കെത്തുന്നു.കേരളത്തിൽ 2000 രൂപ മുതൽ 3000 രൂപയ്ക്കാണ് ഈ മണൽ വിൽക്കുന്നത്.കരാറിനെ മറവിൽ ഇങ്ങനെ ദിനം പ്രതി ടോറസ് ലോറികൾ വഴി 100 കണക്കിന് ലോഡുകളാണ് മൂന്നു ജില്ലകളിലുമായി എത്തുന്നത്.ഏകദേശം ഒരു കോടി രൂപയുടെ ഇടപാടാണ് ഇങ്ങനെ അനധികൃതമായി നടക്കുന്നത്.കരാറിന്റെ മറവിൽ അനധികൃതമായ ഇടപാടിലൂടെ വൻ ലാഭമാണ് ഐ ഇ കൺസ്ട്രക്ഷൻ കമ്പനി ഓരോ ദിവസവും ഉണ്ടാക്കുന്നത്. കർണാടകയിൽ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് മണൽക്കടത്ത് കർശനമായി നിരോധിച്ചിരിക്കുക്കയാണ്. മണൽകടത്ത് പിടികൂടുകയാണെങ്കിൽ ഡ്രൈവർക്കും വാഹനമുടമയ്ക്കും എതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുക്കണമെന്ന നിയമവും ഇവിടെയുണ്ട്.ഈ ശിക്ഷ ലഭിക്കേണ്ട കുറ്റമാണ് കരാറിന്റെ മറവിലൂടെ ഐ ഇ എന്റർ പ്രൈസസ് നടത്തുന്നത്.കരാർ നൽകിയ കെംഡലിന്റെ അയഞ്ഞ നിലപാടും, ഐ ഇ എന്റർ പ്രൈസസിന്റെ കൊള്ളയ്ക്ക് പ്രോത്സാഹനം നൽകുന്നു.മണൽക്കടത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് വരുമ്പോഴും, കരാറിന്റെ പഴുതിലൂടെ നടക്കുന്ന കോടികളുടെ മണൽക്കടത്തിനെതിരെ ചെറുവിരലനക്കുവാൻ പോലും ആരും ധൈര്യം കാണിക്കാത്തതും ദുരൂഹതയുണർത്തുന്നുണ്ട്.പോലീസ് നിഷ്ക്രിയത്വം അവസാനിപ്പിച്ച്‌ ഇക്കാര്യത്തിൽ ഇടപെട്ട്,ഐ ഇ എന്റർ പ്രൈസസ് നടത്തുന്ന നിയമ വിരുദ്ധ മണൽക്കടത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് പൊതുവിൽ ഉയരുന്ന ആവശ്യം.

Post a Comment

0 Comments

Top Post Ad

Below Post Ad