Type Here to Get Search Results !

Bottom Ad

സ്പോട്ട് അഡ്മിഷൻ പൂർത്തിയായി; ആളില്ലാതിരുന്ന 117 എൻആർഐ സീറ്റുകൾ മെറിറ്റിലേക്കു മാറ്റി

തിരുവനന്തപുരം:(www.evisionnews.co) ദിവസങ്ങൾ നീണ്ട ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ സ്വാശ്രയ മെഡിക്കൽ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ പൂർത്തിയായി. വൻ തുക ഫീസ് കിട്ടേണ്ട എൻആർഐ സീറ്റുകൾ വച്ചു വില പേശാനുള്ള മാനേജ്മെന്റുകളുടെ നീക്കം സർക്കാർ തടഞ്ഞത് അവസാനദിവസത്തെ നാടകീയമാക്കി. അഡ്മിഷന് ആളില്ലാതിരുന്ന 117 എൻആർഐ സീറ്റുകൾ സ്വാശ്രയ മാനേജ്മെന്റുകളുടെ എതിർപ്പു മറികടന്നു സ്റ്റേറ്റ് മെറിറ്റിലേക്കും സംവരണ വിഭാഗങ്ങളിലേക്കും മാറ്റിയാണു പ്രവേശനം പൂർത്തിയാക്കിയത്. ബിഡിഎസ് പ്രവേശനം നാളെയും മറ്റന്നാളുമായി നടക്കും.


ഫീസിനെക്കുറിച്ചും ബാങ്ക് ഗാരന്റിയെക്കുറിച്ചുമുള്ള ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കുമിടയിലാണു രണ്ടു ദിവസം കൊണ്ടു പൂർത്തിയാകേണ്ട സ്പോട്ട് അഡ്മിഷൻ ഇന്നു വൈകിട്ടു മൂന്നരയ്ക്ക് അവസാനിച്ചത്. വിദ്യാർഥികളെത്താതെ ബാക്കിയായ 117 സീറ്റുകളും ഉടൻ തന്നെ എൻട്രൻസ് കമ്മീഷണർ സ്റ്റേറ്റ് മെറിറ്റിലേക്കും സംവരണ വിഭാഗത്തിലേക്കും മാറ്റി. 20 ലക്ഷം രൂപ വീതം ഫീസായി കിട്ടേണ്ട ഇത്രയും സീറ്റുകൾ അഞ്ചുലക്ഷം രൂപ ഫീസ് നിരക്കിലേക്കു മാറിയതോടെ സമ്മർദത്തിലായ മാനേജ്മെന്റുകൾ സ്പോട്ട് അഡ്മിഷൻ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.


എന്നാൽ നിയമപ്രകാരമാണു നടപടിയെന്ന് എൻട്രൻസ് കമ്മീഷണർ വ്യക്തമാക്കി. മാനേജ്മെന്റുകൾ കോടതിയിലേക്കു പോയാൽ സർക്കാർ നേരിടുമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പു നൽകി.


എന്നാൽ മെറിറ്റിലേക്കു കൂടുതൽ സീറ്റുകൾ വന്നെങ്കിലും അഡ്മിഷൻ കിട്ടില്ലെന്ന ധാരണയിൽ തിരിച്ചുപോയ ഉയർന്ന റാങ്കുള്ള വിദ്യാർഥികൾക്ക് അതിന്റെ ഗുണം കിട്ടിയില്ല. അഡ്മിഷൻ തീരുന്നതുവരെ കാത്തിരുന്ന താഴ്ന്ന റാങ്കുള്ള കുട്ടികൾക്ക് ഇത് അപ്രതീക്ഷിത നേട്ടവുമായി. 1088 എംബിബിഎസ് സീറ്റുകളിലും പ്രവേശനം പൂർത്തിയാക്കിയാണു സ്പോട്ട് അഡ്മിഷൻ അവസാനിച്ചത്. ഇനി ഫീസ് നിർണയ സമിതി എത്ര രൂപ ഫീസ് നിശ്ചയിക്കുമെന്നറിയാനുള്ള കാത്തിരിപ്പാണ്
Tags

Post a Comment

0 Comments

Top Post Ad

Below Post Ad