Type Here to Get Search Results !

Bottom Ad

ജി.എസ്.ടിയിലെ അധികബാധ്യത: ജില്ലയിലെ പൊതുമരാമത്ത് ജോലികള്‍ നിലച്ചു


കാസര്‍കോട് (www.evisionnews.co): ജി.എസ്.ടിയിലുണ്ടായ അധിക ബാധ്യതയെ തുടര്‍ന്ന് ടെണ്ടറുകള്‍ ഏറ്റെടുക്കുന്നതില്‍ നിന്നും കരാറുകാര്‍ വിട്ടുനിന്നതോടെ പ്രാദേശിക തലത്തിലടക്കം മരാമത്ത് പണികള്‍ നിലച്ചു. ചരക്ക്- സേവന നികുതി നിലവില്‍ വന്നപ്പോഴുണ്ടായ നികുതി വര്‍ധനവമാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതുമൂലം ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ മരാമത്ത് ജോലികള്‍ പൂര്‍ണമായും നിലച്ചഅവസ്ഥയാണ്. 

പ്രാദേശികതലത്തിലാണ് കരാറുകാര്‍ കൂടുതലായി വിട്ടുനില്‍ക്കുന്നത്. നടപ്പുവര്‍ഷത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാന വികസനങ്ങള്‍ക്കായി നീക്കിവെച്ച തുകയുടെ പകുതിയോളം ജോലികള്‍ താളംതെറ്റിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പൊതുമരാമത്ത് ജോലികള്‍ക്ക് നാലു ശതമാനമായിരുന്ന നികുതി ജി.എസ്.ടി പ്രകാരം 18 ശതമാനമായി ഉയര്‍ന്നു. പിന്നീട് ഇത് 12 ശതമാനമാക്കി ചുരുക്കിയെങ്കിലും വലിയ തുക തന്നെ കരാറുകാര്‍ നികുതിയായി തന്നെ നല്‍കേണ്ടിവരുന്നതായി കരാറുകാര്‍ പറയുന്നു. ഇതിന് പുറമെ മണ്ണ്, മണല്‍, ചെങ്കല്ല്, തൊഴില്‍ കൂലി തുടങ്ങിയവയുടെ ബില്ലുകളില്ലാത്തതും കരാറുകാര്‍ക്ക് വിനയാകുന്നുണ്ട്. മാസം തോറും കണക്കുകള്‍ നല്‍കുക, മുന്‍കൂറായി നികുതി അടക്കുക, ബില്ലുകള്‍ ഹാജരാക്കുക തുടങ്ങിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചത് മൂലം ഈ മേഖലയില്‍ വലിയ ദുരിതമാണ് കരാറുകാര്‍ അഭീമുഖീകരിക്കുന്നത്. 

ജൂലൈ ഒന്നിന് മുമ്പ് തുടങ്ങിയ കരാറുകളുടെ ജി.എസ്.ടി നികുതിയില്‍ നാലു ശതമാനം സര്‍ക്കാര്‍ വഹിക്കുമെന്ന ധാരണയില്‍ ഈ ജോലികള്‍ തുടരുന്നുണ്ടെങ്കിലും ബാക്കിയുള്ള പ്രാദേശിക തലത്തിലുള്ളവ ഉള്‍പ്പെടെ പ്രവൃത്തികളെല്ലാം മുടങ്ങിക്കിടക്കുകയാണ്. വലിയ നികുതി ഭാരത്തിന് പുറമെ നിര്‍മാണ സാഗ്രികളുടെ വിലക്കയറ്റവും തൊഴിലാളികളുടെ കൂലിവര്‍ധവും കരാറുകാരെ മരാമത്തു പണികളില്‍ നിന്നും പിന്നോട്ടടിപ്പിക്കുന്നു. കരാര്‍ ആകെത്തുകയുടെ പത്തു ശതമാനമാണ് കരാറുകാരുടെ ലാഭവിഹിതം. 12-14 ശതമാനം വരെ ജി.എസ്.ടിയായും മറ്റിനങ്ങളിലുമായി നല്‍കിയാല്‍ കിട്ടുന്ന ലാഭവിഹിതവും കഴിഞ്ഞ് പോക്കറ്റില്‍ നിന്നും ചോര്‍ന്നുപോകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും കരാറുകാര്‍ പറയുന്നു. വലിയ തിരിച്ചടിയാകുന്ന ഈ നഷ്ടം സഹിച്ച് മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയില്ലെന്നും ടെണ്ടര്‍ ജോലികള്‍ നിര്‍ത്തിവെക്കാനുമാണ് കരാറുകാരുടെ തീരുമാനം. പദ്ധതിയുടെ ആകെത്തുകയില്‍ ജി.എസ്.ടി കൂടി ചേര്‍ത്തി ടെണ്ടര്‍ പുതുക്കുകയോ അല്ലെങ്കില്‍ നികുതി കുറയ്ക്കുകയോ ചെയ്യണമെന്നാണ് കരാറുകാരുടെ ഇപ്പോഴത്തെ ആവശ്യം. 

Post a Comment

0 Comments

Top Post Ad

Below Post Ad