Type Here to Get Search Results !

Bottom Ad

അനിശ്ചിതത്വം നീങ്ങി: കലൂർ സ്റ്റേഡിയത്തിലെ വാടകമുറികൾ ഒഴിയണമെന്ന് ഹൈക്കോടതി.

Image result for അണ്ടർ–17 ലോകകപ്പ്
കൊച്ചി:(www.evisionnews.co) അണ്ടർ–17 ലോകകപ്പ് ഫുട്ബോളിന്റെ കൊച്ചിയിലെ മൽസരങ്ങൾ സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. സ്റ്റേഡിയത്തിലെ കടമുറികളും ഓഫിസുകളും സെപ്റ്റംബർ 25നു മുൻപ് ഒഴിഞ്ഞുകൊടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സ്റ്റേഡിയം ഉടമകളായ ജിസിഡിഎ 25 ലക്ഷം രൂപ കെട്ടിവയ്ക്കണം. നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം സിവിൽ കോടതി വഴി ആകാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു.
ലോകകപ്പിനു വേദിയാകുന്ന സ്റ്റേഡിയങ്ങളിലെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ലോകകപ്പ് നാളുകളിൽ കലൂർ സ്റ്റേഡിയത്തിൽ കടകളോ മറ്റു സ്ഥാപനങ്ങളോ പ്രവർത്തിക്കരുതെന്നും ഫിഫ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ കടക്കാർ ഹൈക്കോടതിയെ സമീപിച്ചു. സുരക്ഷാ ക്രമീകരണം തൃപ്തികരമല്ലെങ്കിൽ കൊച്ചിയിൽ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങൾ മറ്റ് വേദികളിലേക്കു മാറ്റുമെന്നും ഫിഫ മുന്നറിയിപ്പ് നൽകിയിരുന്നു.
ഫിഫയുടെ സുരക്ഷാസംഘത്തിന്റെ കണ്ടെത്തലുകൾ ഇവയാണ്; സ്റ്റേഡിയത്തിലെ ഭക്ഷണശാലകളിൽ പാചകവാതക സിലിണ്ടറുകളുണ്ട്. ചില കടമുറികളിൽ ജനറേറ്റർ പ്രവർത്തിപ്പിക്കാനായി ഇന്ധനം സംഭരിച്ചിരിക്കുന്നു. ചിലേടത്ത് വ്യാവസായികാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ വൈദ്യുതിയിൽ പ്രവർത്തിപ്പിക്കുന്ന ഉപകരണങ്ങളുണ്ട്. മേൽപ്പറഞ്ഞവ സ്ഫോടനത്തിനു കാരണമായേക്കാം. ചെറിയൊരു പൊട്ടിത്തെറിയോ വൈദ്യുതി ശൃംഖലയിൽ തീപടരുന്നതോ ലോകകപ്പ് വേദിയിൽ ഉണ്ടാവാൻ പാടില്ല.
ചില മുറികളിൽ രാത്രി ആൾത്താമസമുണ്ട്. ആൾമാറാട്ടത്തിനും നുഴഞ്ഞുകയറ്റത്തിനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. രാത്രി തങ്ങുന്നവർ കൊതുകുതിരിയുംമറ്റും കത്തിച്ചുവയ്ക്കുന്നതും അപകടത്തിനു കാരണമായേക്കും. ചിലേടത്തെങ്കിലും പാഴ്‌വസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്നു. ഇതും സുരക്ഷാഭീഷണി തന്നെ. 24 മണിക്കൂറും പ്രവർത്തിക്കുന്ന, എന്നാൽ 24 മണിക്കൂറും നിരീക്ഷണ സംവിധാനമില്ലാത്ത ഏസിയും റഫ്രിജറേറ്ററും ജനറേറ്ററും പോലുള്ളവ അപകടസാധ്യത വർധിപ്പിക്കുന്നു.

ടൂർണമെന്റ് തുടങ്ങുന്നതിനു മുൻപുതന്നെ സ്റ്റേഡിയം ഫിഫയുടെ സുരക്ഷാവിഭാഗത്തിന്റെ മേൽനോട്ടത്തിൽ പൊലീസിന്റെ കർശന നിരീക്ഷണത്തിലാവും. സ്റ്റേഡിയത്തിലെ വ്യാപാരസ്ഥാപനങ്ങൾ തുറന്നിരുന്നാൽ ആളുകളുടെ വരവുംപോക്കും കൂടും. കാര്യക്ഷമമായ നിരീക്ഷണം ദുഷ്കരമാകുമെന്നും ഫിഫ വ്യക്തമാക്കുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad