Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാനായി അനുവദിച്ച ആംബുലന്‍സ് കട്ടപ്പുറത്ത് തുരുമ്പെടുത്ത് നശിക്കുന്നു

കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാനായി അനുവദിച്ച ആംബുലന്‍സ് കട്ടപ്പുറത്ത് കിടന്ന് തുരുമ്പെടുത്ത് നശിക്കുന്നു. കുമ്പഡാജെ പഞ്ചായത്തിന് അനുവദിച്ച ആംബുലന്‍സാണ് നടത്തിപ്പിന് പണമില്ലാത്ത കാരണത്താല്‍ ഉപയോഗ ശൂന്യമായി കിടക്കുന്നത്. 

സാമ്പത്തിക ബാധ്യത താങ്ങാനാവാത്തതിനാല്‍ വാഹനം തിരിച്ചല്‍പ്പിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് ഭരണസമിതി ആലോചിക്കുകയും തീരുമാനം കലക്ടറെ അറിയിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് റവന്യൂ വകപ്പ് അന്വേഷിച്ച് നടത്തിപ്പിന് വേണ്ട വരുമാനം പഞ്ചായത്തിന് ഇല്ലെന്നും വ്യക്തമായി. എന്നാല്‍ ഇതിടയില്‍ തിരിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തിനെതിരെ എല്‍.ഡി.എഫ് പരാതി നല്‍കുകയും തുടര്‍ നടപടികള്‍ നിലയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ ആംബുലന്‍സിന്റെ പരിചരണം ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആ തീരുമാനവും നടപ്പിലാകാതെ പോയി. ഇതോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായകമായിരുന്ന ആംബുലന്‍സ് കട്ടപ്പുറത്താവുകയായിരുന്നു. 

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് സാമൂഹിക നീതി വകുപ്പാണ് ആംബുലന്‍സ് നല്‍കിയത്. നേരത്തെ രോഗികളെ മെഡിക്കല്‍ കോളജ് ഉള്‍പ്പടെ മംഗലാപുരത്തെ ആസ്പത്രികളിലേക്ക് ചികിത്സയ്ക്ക് എത്തിക്കുന്നതിന് സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് പ്രത്യേകം ഫണ്ട് നല്‍കിയിരുന്നു. എന്നാല്‍ ആംബുലന്‍സ് അനുവദിച്ചതോടെ ഈ സഹായം റദ്ദാക്കി. ഇതോടെ ഡ്രൈവരെ നിയോഗിക്കുന്നത് മുതല്‍ എല്ലാ ചെലവുകളും പഞ്ചായത്ത് തന്നെ വഹിക്കണമെന്നായി. 

സാമ്പത്തിക പിന്നാക്കമുള്ള പഞ്ചായത്താണ് കുമ്പഡാജെ. ഡീസലിനും ഡ്രൈവറുടെ വേതനത്തിനും കുറഞ്ഞത് പതിനയ്യായിരത്തോളം രൂപയിലധികം പ്രതിമാസം ചെലവുണ്ട്. ദൈനംദിന ചെലവുകള്‍ക്ക് പോലും പഞ്ചായത്തിന് പണമില്ലാത്ത സാഹചര്യത്തില്‍ ഇതിന് തുക കണ്ടെത്താന്‍ വേറെ മാര്‍ഗവുമില്ലാതായി. എന്‍ആര്‍എച്ച്എം മുഖേന രോഗികളെ സന്ദര്‍ശിക്കുന്നതിനും പരിചരിക്കുന്നതിനും പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വാനോ ജീപ്പോ ഉപയോഗിക്കുന്നതിനു 25,000 രൂപ നല്‍കുന്നുണ്ട്. ഇതു കിട്ടിയാല്‍ ആംബുലന്‍സ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് നല്‍കാന്‍ തയാറായതാണ്. അതും നടപ്പിലായില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഡ്രൈവറെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു.

ചെലവിനു വകയില്ലാത്തതിനാല്‍ അതും ഉപേക്ഷിക്കുകയായരുന്നു. ഇപ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്രം പോര്‍ച്ചില്‍ ഉപയോഗിക്കാതെ കിടക്കുന്ന ആംബുലന്‍സിന്റെ യന്ത്രത്തകരാര്‍ പരിഹരിക്കാന്‍ അരലക്ഷം രൂപ വേണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇനിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ ആംബുലന്‍സ് തുരുമ്പെടുത്ത് നശിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad