Type Here to Get Search Results !

Bottom Ad

ഗുര്‍മീതിനെ കോടതിയില്‍ നിന്നും രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയ 4 പൊലീസുകാര്‍ അറസ്റ്റില്‍


ചണ്ഡിഗഡ്: (www.evisionnews.co) അനുയായികളായ യുവതികളെ മാനഭംഗപ്പെടുത്തിയതിന് 20 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവനും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിങ്ങിനെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ അറസ്റ്റില്‍. ഹരിയാനയിലെ മൂന്നുപേരും രാജസ്ഥാനിലെ ഒരു പൊലീസുകാരനുമാണ് അറസ്റ്റിലായത്. ഇവരില്‍ രണ്ടുപേര്‍ ഹെഡ്‌കോണ്‍സ്റ്റബിളും ഒരാള്‍ കോണ്‍സ്റ്റബിളും മറ്റൊരാള്‍ സിപിഒയുമാണ്. ഓഗസ്റ്റ് 25ന് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയില്‍ വിധിപ്രസ്താവത്തിന് എത്തിച്ചപ്പോള്‍, ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹരിയാന പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ അമിത് കുമാര്‍, രാജേഷ് കുമാര്‍, കോണ്‍സ്റ്റബിള്‍ രാജേഷ് കുമാര്‍ എന്നിവരും രാജസ്ഥാനിലെ പൊലീസുകാരന്‍ ഓം പ്രകാശുമാണ് അറസ്റ്റിലായതെന്നു പഞ്ച്കുള കമ്മിഷണര്‍ എ.എസ്.ചൗള പറഞ്ഞു. കേസ് അന്വേഷണത്തില്‍ സഹായിക്കണമെന്നു പറഞ്ഞു പഞ്ച്കുളയിലേക്കു വിളിച്ചുവരുത്തിയാണ് ഹരിയാനക്കാരെ അറസ്റ്റ് ചെയ്തത്. രാജസ്ഥാന്‍ പൊലീസുകാരനെ ഹനുമാന്‍ഗഢില്‍നിന്നാണു പിടികൂടിയത്.

ഇവരെ കൂടാതെ മറ്റു സംസ്ഥാനങ്ങളിലെ ഏഴു പൊലീസുകാര്‍ കൂടി ഗൂഢാലോചനയില്‍ പങ്കാളികളാണെന്നു കേസ് അന്വേഷിക്കുന്ന ഹരിയാന പൊലീസ് അറിയിച്ചു. ഡ്യൂട്ടിയില്‍ ഇല്ലായിരുന്നെങ്കിലും ഇവര്‍ യൂണിഫോമില്‍ കോടതി പരിസരത്ത് ഉണ്ടായിരുന്നു. അറസ്റ്റിലായവരില്‍നിന്ന് തൃപ്തികരമായ മറുപടികളല്ല കിട്ടിയിട്ടുള്ളതെന്നും കമ്മിഷണര്‍ പറഞ്ഞു. ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരുടെ കൂട്ടത്തില്‍ ഹരിയാന പൊലീസിലെ മറ്റ് അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ കൂടിയുണ്ടായിരുന്നു. വര്‍ഷങ്ങളായി ഗുര്‍മീതിനു സുരക്ഷ നല്‍കുന്നവരാണിവര്‍. അഞ്ചുപേരെയും സേനയില്‍നിന്നു പുറത്താക്കി. ഇവര്‍ക്കെതിരെ രാജ്യദ്രോഹം, കൊലപാതകശ്രമം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.  കോടതിയില്‍ ഹാജരാക്കിയ ഗുര്‍മീതിനെ തട്ടിയെടുത്തു രക്ഷപ്പെടാനുള്ള അനുയായികളുടെ നീക്കം പൊളിച്ചാണു പ്രതിയെ ജയിലില്‍ എത്തിച്ചതെന്നു ഹരിയാന ഐജി കെ.കെ.റാവു നേരത്തേ വെളിപ്പെടുത്തിയിരുന്നു. അതിനിടെ, ദേരാ സച്ചാ സൗദ ആസ്ഥാനമായ സിര്‍സയില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ വന്‍ ആയുധശേഖരവും പണവും പിടികൂടി. ഗുര്‍മീത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനു പിന്നാലെ ഹരിയാനയില്‍ നടന്ന അക്രമങ്ങളില്‍ 38 പേരാണ് കൊല്ലപ്പെട്ടത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad