ന്യൂഡൽഹി:(www.evisionnews.co) സംസ്ഥാന സർക്കാരിനു കനത്ത തിരിച്ചടിയായി സ്വാശ്രയ കേസിൽ സുപ്രീം കോടതിയുടെ വിധി. കേരളത്തിന്റെ പുനഃപരിശോധനാ ഹർജി തള്ളിയ കോടതി, എല്ലാ സ്വാശ്രയ മെഡിക്കൽ കോളജുകൾക്കും 11 ലക്ഷം വീതം ഫീസ് വാങ്ങാമെന്ന് വ്യക്തമാക്കി.
ആറുലക്ഷം രൂപ ബാങ്ക് ഗ്യാരന്റി അല്ലെങ്കിൽ ബോണ്ട് എങ്ങനെ നൽകണമെന്നതിലും കോടതി വ്യക്‌തത വരുത്തി. പ്രവേശനം നേടി 15 ദിവസത്തിനുള്ളിൽ ആറു ലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയായി നൽകണം. ബോണ്ടായിട്ടാണു നൽകുന്നതെങ്കിൽ ഫീസ് പരിഷ്‌കരിക്കുന്ന സ്‌ഥിതിയുണ്ടായാൽ വിദ്യാർഥികൾ പ്രശ്‌നത്തിലാകുമെന്നു ഹർജിക്കാർ വാദിച്ചിരുന്നു. ഉറപ്പുനൽകുന്ന തുക പിന്നീട് അടയ്‌ക്കാൻ സാധിക്കാതെ വിദ്യാർഥി പുറത്തായാൽ ആ സീറ്റ് അഞ്ചു വർഷത്തേക്ക് ഒഴിഞ്ഞുകിടക്കുന്ന സ്‌ഥിതിയുണ്ടാവുമെന്നാണു ഹർജിക്കാരുടെ നിലപാട്.
അതേസമയം, ഏകീകൃത ഫീസ് ഘടന അംഗീകരിക്കാൻ നിർബന്ധിതരായെന്നും സുപ്രീം കോടതി അറിയിച്ചു. സംസ്ഥാന സർക്കാർ നിയമിച്ച രാജേന്ദ്ര ബാബു കമ്മിഷൻ അഞ്ച് ലക്ഷം രൂപയാണ് ഫീസാണ് നിശ്ചയിച്ചിരുന്നത്. ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഫീസ് 11 ലക്ഷം രൂപയെന്നതു രണ്ടു കോളജുകൾക്കു മാത്രമായി പരിമിതപ്പെടുത്തിയതു ചോദ്യംചെയ്‌ത് സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളജ് മാനേജ്‌മെന്റ് അസോസിയേഷനും സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ജഡ്‌ജിമാരായ എസ്.എ. ബോബ്‌ഡെ, എൽ. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Post a Comment
0 Comments