ദില്ലി:(www.evisionnews.co) ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിംഗിനെ ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരവധി അക്രമങ്ങളാണ് ഹരിയാനയില്‍ നടന്നത്. ജനക്കൂട്ടം അക്രമാസക്തമായതിനേത്തുടര്‍ന്ന്
കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ കാരണം കേന്ദ്ര സേനയെ വിന്യസിക്കേണ്ട അവസ്ഥവരെയെത്തിയിരുന്നു.
സംഭവത്തില്‍ ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെയും പ്രധാനമന്ത്രിയേയും ഹരിയാനാ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി രാഷ്ട്രീയ നേട്ടത്തിനായി ആള്‍ക്കൂട്ട രോഷം മുതലെടുത്തുവെന്നുവരെ കോടതിയുടെ ഭാഗത്തുനിന്ന് പരാമര്‍ശമുണ്ടായി. എന്നാല്‍ ഏവരേയും അമ്പരപ്പിച്ച് താന്‍ സംഭവം വിദഗ്ധമായി കൈകാര്യം ചെയ്തുവെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരിയാനാ മുഖ്യമന്ത്രി.
ഏറ്റവും കുറഞ്ഞ സേനയെ ഉപയോഗിച്ച് ഏറ്റവും മികച്ച രീതിയില്‍ സംഭവം കൈകാര്യം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. വളരെ സംയമനത്തോടെയാണ് തങ്ങള്‍ ഈ വിഷയം കൈകാര്യം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിധിയേത്തുടര്‍ന്ന് ഏറ്റവും കുറഞ്ഞ നാശനഷ്ടമേ ഉണ്ടാകാവൂ എന്ന തീരുമാനം ഞങ്ങളെടുത്തിരുന്നു. അത് ഞങ്ങള്‍ കൈവരിക്കുകയും ചെയ്തു. ഖട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗുര്‍മീത് റാം റഹിം സിംഗിന്റെ അനുയായികള്‍ അഴിച്ചുവിടുന്ന അക്രമം തടുക്കാന്‍ ഹരിയാന സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും സര്‍ക്കാര്‍ അക്രമികള്‍ക്ക് സര്‍ക്കാര്‍ കീഴടങ്ങിയെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു. മോദി ബിജെപിയുടെയല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് കോടതി പരാമര്‍ശിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.
Post a Comment
0 Comments