തിരുവനന്തപുരം:(www.evisionnews.co)സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യതക്കുളള ജനങ്ങളുടെ അവകാശം കവര്‍ന്നെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കുളള തിരിച്ചടിയാണ് ഈ വിധിയെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഈ വിധിയില്‍ കേരള സര്‍ക്കാരിന് പ്രത്യേകം സന്തോഷിക്കാന്‍ അര്‍ഹതയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
ലോകം ഉറ്റുനോക്കിയ ഈ കേസില്‍ കേരള സര്‍ക്കാര്‍ എടുത്ത നിലപാട് സാധൂകരിക്കുന്നതാണ് വിധി. സ്വകാര്യതയ്ക്കുളള അവകാശം മൗലികാവകാശമല്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ എടുത്തത്. ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും സുപ്രീംകോടതിയില്‍ അതിനെ പിന്തുണച്ചു. എന്നാല്‍ സ്വകാര്യത മൗലികാവകാശമാണെന്ന് കേരളം ശക്തമായി വാദിച്ചെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഭരണഘടനാബെഞ്ചിന്റെ വിധിയുടെ വെളിച്ചത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ അടിച്ചേല്‍പ്പിക്കുന്ന നിലപാടില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആധാറിന് വേണ്ടി ശേഖരിക്കുന്ന വ്യക്തിപരമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് വിദേശ കമ്പനികളും സ്വകാര്യ കുത്തക കമ്പനികളുമാണ്. ഈ കമ്പനികള്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗിക്കാന്‍ വലിയ സാധ്യതയുണ്ട്. ഇത്തരം ദുരുപയോഗം സ്വകാര്യതക്കുളള മൗലികാവകാശം നിഷേധിക്കലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വകാര്യതയുമായി ബന്ധപ്പെട്ട് മുന്‍പ് ഉണ്ടായ രണ്ട് വിധികള്‍ റദ്ദുചെയ്തുകൊണ്ട് ബെഞ്ച് ഏകകണ്ഠമായാണ് സ്വകാര്യത മൗലികാവകാശമാണെന്ന വിധി പ്രസ്താവിച്ചത്. സ്വകാര്യത സംബന്ധിച്ച് 1954 ലെയും 62 ലെയും വിധികളാണ് റദ്ദായത്.

Post a Comment
0 Comments