Type Here to Get Search Results !

Bottom Ad

മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ബിജെപിയുടെയല്ല; രൂക്ഷവിമര്‍ശനവുമായി കോടതി


ചണ്ഡിഗഡ് : (www.evisionnews.co) ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹിം സിങ്ങിനെതിരെയുള്ള കോടതിവിധിയെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപം അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ട കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പഞ്ചാബ്ഹരിയാന ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു 'അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ബിജെപിയുടേതല്ല' കോടതി പറഞ്ഞു. കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ സത്യപാല്‍ ജെയ്‌ന്റെ വാദത്തിനിടെയാണ് കോടതിയുടെ പരാമര്‍ശം. കലാപം സംസ്ഥാനത്തിന്റെ മാത്രം പ്രശ്‌നമാണെന്ന വാദം ഉന്നയിച്ചപ്പോഴായിരുന്നു കോടതിയുടെ മറുപടി. 'ഹരിയാന ഇന്ത്യയുടെ ഭാഗമല്ലേ? എന്തു കൊണ്ടാണ് പഞ്ചാബിനും ഹരിയാനയ്ക്കും നേരെ മാത്രം ചിറ്റമ്മനയം നടപ്പാക്കുന്നത്?' കോടതി ചോദിച്ചു.


നേരത്തെ, റാം റഹിമിന്റെ അനുയായികള്‍ കലാപം അഴിച്ചുവിട്ടതില്‍ ഹരിയാന സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണു നടത്തിയത്. ആക്രമണങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. നാട് കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കയ്യും കെട്ടിയിരുന്നു. സര്‍ക്കാര്‍ അക്രമികള്‍ക്കു കീഴടങ്ങിയോ? മുഖ്യമന്ത്രിക്ക് എങ്ങനെയാണു കാര്യങ്ങളെക്കുറിച്ചു ബോധ്യമില്ലാതിരിക്കുന്നതെന്നും കോടതി രൂക്ഷഭാഷയില്‍ ചോദിച്ചു.

കാര്യങ്ങള്‍ കൈവിട്ടുപോയതോടെ ദേര സച്ചാ സൗദയുടെ അനുയായികള്‍ ഒത്തുകൂടുന്ന കേന്ദ്രങ്ങളിലെല്ലാം സര്‍ക്കാര്‍ പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്. കലാപസാധ്യത അടിച്ചമര്‍ത്താനുള്ള സകല ഒരുക്കങ്ങളും നടത്തുന്നുണ്ടെന്നാണു സര്‍ക്കാരിന്റെ നിലപാട്. ആള്‍ക്കൂട്ടത്തെ തടയുന്നതില്‍ സര്‍ക്കാരിനു വീഴ്ച പറ്റിയതായി വെള്ളിയാഴ്ച രാത്രി തന്നെ ഖട്ടര്‍ സമ്മതിച്ചിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad