മുള്ളേരിയ (www.evisionnews.co): ഒരു പോലീസ് എസ്.ഐയുടെ മരണത്തിനും മറ്റുനിരവധി പേര്‍ അപകടത്തിനുമിരയായ പള്ളത്തൂരിലെ മുങ്ങിപ്പാലം പൊളിച്ചുനീക്കാനും സ്ഥലത്ത് പുതിയ പാലവും അനുബന്ധ റോഡും നിര്‍മിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ നടപടികള്‍ തുടങ്ങി. ദേലമ്പാടി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലാണ് കാലവര്‍ഷം കനക്കുമ്പോള്‍ അപകടകാരിയായി മാറുന്ന മുങ്ങിപ്പാലമെന്ന് നാട്ടുകാര്‍ വിളിക്കുന്ന പാലം സ്ഥിതി ചെയ്യുന്നത്. മഴകനത്താല്‍ പാലത്തെ അടിയിലാക്കിയാണ് മലവെള്ളത്തിന്റെ കുത്തൊഴുക്ക്. ഇതില്‍പെട്ടാണ് എസ്.ഐ മരിച്ചതും ചൊവ്വാഴ്ച വൈകിട്ട് മറ്റൊരാള്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഒലിച്ചുപോയതും.
90കളുടെ ആദ്യ വര്‍ഷങ്ങളിലാണ് സര്‍ക്കാര്‍- പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് കൈകവരികളില്ലാത്ത പാലം പണിതത്. കേരള- കര്‍ണാടക സംസ്ഥാനങ്ങളെ അതിരിടുന്ന പ്രദേശം കൂടിയാണ് പള്ളത്തൂര്‍. ഇതിലൂടെ കടന്നാല്‍ കര്‍ണാടക പുത്തൂര്‍ താലൂക്കിലെ ഈശ്വരമംഗലത്തെത്താം. ഇവിടേക്ക് കാസര്‍കോട് നിന്ന് സ്വകാര്യ ബസും ദേലമ്പാടി അഡൂരില്‍ നിന്ന് കര്‍ണാടക കെഎസ്ആര്‍ടിസിയും മുങ്ങിപ്പാലത്തിലൂടെ സര്‍വീസ് നടത്തുന്നുണ്ട്. തികച്ചും അപകടകരമായ യാത്രയാണിതെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു. മഴക്കാലമായാല്‍ പാലത്തില്‍ നിന്ന് കാല്‍നടയാത്രക്കാരും ഇരുചക്രയാത്രികരും ഒലിച്ചുപോകുന്നത് പതിവാണ്.
അതേസമയം നാട്ടുകാരുടെ മുറവിളിയും ഉദുമ എംഎല്‍എയുടെയും പഞ്ചായത്ത് അധികൃതരുടെയും ആവശ്യം കണക്കിലെടുത്ത് പാലം പണി ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ വിവരം. ഏഴര കോടി രൂപ മതിപ്പ് ചെലവ് പാലം നിര്‍മാണത്തിന് കണക്കാക്കിയിട്ടുണ്ട്. പാലം നിലവില്‍ വരുന്നതോടെ ജാല്‍സൂരിലേക്കുള്ള കൊട്ടയാടി സംസ്ഥാന പാതിയിലെ ജംഗ്ഷനിലേക്കും റോഡ് നിര്‍മിക്കും. ഇതോടെ പള്ളത്തൂരിന്റെ വികസനം അനുദിനം മുന്നേറുമെന്നും നാട്ടുകാര്‍ പറയുന്നു.

Post a Comment
0 Comments