Type Here to Get Search Results !

Bottom Ad

ബെവ്കോ ജീവനക്കാരുടെ ബോണസ് വെട്ടിക്കുറയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് ധനമന്ത്രി

തിരുവനന്തപുരം∙ ബെവ്കോ ജീവനക്കാർക്ക് ഓണത്തിനു വൻതുക ബോണസ് നൽകുന്നതിനെതിരെ ധനവകുപ്പ്. 85,000 രൂപവരെ ബോണസ് നൽകുന്നതു ധനപരമായ നിരുത്തരവാദിത്വമാണെന്നും ഇതു നിയന്ത്രിക്കണമെന്നും അഭ്യർഥിച്ച് ധനമന്ത്രി തോമസ് ഐസക്, മുഖ്യമന്ത്രി പിണറായി വിജയനു കത്തുനൽകി. ഇതേസമയം, കെഎസ്എഫ്ഇ ജീവനക്കാരുടെ ഇൻസന്റീവ് ഒൻപതിൽനിന്ന് ഏഴേമുക്കാൽ ശതമാനമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു.
ശമ്പളത്തിന്റെ രണ്ടുമടങ്ങിലേറെ തുകയാണ് ഇത്തവണ ബെവ്കോയിൽ മിക്ക ജീവനക്കാർക്കും ലഭിച്ചത്. 85,000 രൂപവരെ ബോണസ് നൽകിയതു പൊതുസമൂഹത്തിൽ വിമർശിക്കപ്പെടുകയും ചെയ്തു. 19.25 ശതമാനം എക്സ്ഗ്രേഷ്യയും 10.25 ശതമാനം പെർഫോമൻസ് അലവൻസും ചേർത്ത് 29.50 ശതമാനം ബോണസാണ് ഇത്തവണ കിട്ടിയത്. സർക്കാരിനു കീഴിലുള്ള സ്ഥാപനത്തിൽ ഇത്ര ഉയർന്ന ബോണസ് നൽകുന്നതിലുള്ള വിയോജിപ്പാണ് ധനവകുപ്പ് ഇപ്പോൾ പ്രകടമാക്കിയിരിക്കുന്നത്. ബെവ്കോയുടെ ബോണസിനു പരിധി വയ്ക്കണമെന്നാണു മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിരിക്കുന്നത്. ഇത്രയും ഉയർന്നതുക ബോണസ് നൽകുന്നത് ധനപരമായ ഉത്തരവാദിത്വമില്ലായ്മയായേ കാണാൻ കഴിയൂവെന്നാണ് വിമർശനം.
തങ്ങളുടെ ബോണസിനെ കുറ്റപ്പെടുത്തുന്നവരോട് കെഎസ്എഫ്ഇയിലെ വൻ ഇൻസന്റീവ് ചൂണ്ടിക്കാണിച്ചാണ് ബെവ്കോ ജീവനക്കാർ പ്രതിരോധിച്ചിരുന്നത്. അതിനാൽ തന്നെ കെഎസ്എഫ്ഇ ജീവനക്കാരുടെ ഇൻസന്റീവിനു മേലാണ് ധനവകുപ്പ് ആദ്യം കത്രികവച്ചത്. ഒരു ലക്ഷം രൂപയും ഒന്നേകാൽ ലക്ഷം രൂപയുമൊക്കെയായിരുന്നു കെഎസ്എഫ്ഇയിലെ ഉയർന്ന ഉദ്യോഗസ്ഥർക്കു മുൻ വർഷങ്ങളിൽ ഓണക്കാലത്ത് ഇൻസെന്റീവായി ലഭിച്ചിരുന്നത്. എന്നാൽ ഒൻപതു ശതമാനമുണ്ടായിരുന്ന ഇൻസന്റീവ് ഇത്തവണ ഏഴേമുക്കാൽ ശതമാനമായി ധനവകുപ്പ് വെട്ടിക്കുറച്ചു. ഇതോടെ ഏറ്റവുമുയർന്ന ഇൻസന്റീവ് 75,000 രൂപയിലേക്ക് കുറഞ്ഞു. സമാനമായ പരിധിയേർപ്പെടുത്തൽ ബെവ്കോയിലും കൊണ്ടുവരണമെന്ന ധനവകുപ്പിന്റെ ശുപാർശയിൽ മുഖ്യമന്ത്രിയാണ് ഇനി തീരുമാനമെടുക്കേണ്ടത്.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad