Type Here to Get Search Results !

Bottom Ad

ഇന്ന് മുതല്‍ ട്രോളിംഗ് നിരോധനം: മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി വറുതിയുടെ കാലം

കാസര്‍കോട്:  (www.evisionnews.in): മത്സ്യസമ്പത്ത് സംരക്ഷണത്തിന്റെയും പരിപാലനത്തിന്റെയും ഭാഗമായി ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുകയും മഴ ശക്തമാവുകയും ചെയ്തതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഇനി വറുതിയുടെ നാളുകള്‍. ഇന്നു മുതല്‍ ജൂലൈ 31 വരെ 47 ദിവസമാണ് ട്രോളിഗ് നിരോധനം. ഈ സമയങ്ങളില്‍ യന്ത്രവല്‍ക്കൃത മത്സ്യബന്ധന ബോട്ടുകള്‍, ട്രോള്‍ നെറ്റുകള്‍, ഇരട്ട വള്ളങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനം പാടില്ല.

ഇതോടെ ഈ മേഖലയില്‍ തൊഴിലെടുക്കുന്ന ജില്ലയിലെ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമടക്കം വരുന്ന 50,000 ത്തോളം കുടുംബങ്ങള്‍ അരപ്പട്ടിണിയിലാകും. മത്സ്യസമ്പത്തിന്റെ ഗണ്യമായ കുറവും ഇന്ധനവിലവര്‍ധനവും കാരണം ഈ വര്‍ഷം മത്സ്യബന്ധനബോട്ടുകള്‍ക്ക് കാര്യമായ വരുമാനമൊന്നും ലഭിക്കാത്തതിനാല്‍ തന്നെ തൊഴിലാളി കുടുംബങ്ങളുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. 

ട്രോളിംഗ് നിരോധനം കഴിഞ്ഞാലും കടല്‍ പ്രക്ഷുബ്ധമാണെങ്കില്‍ രണ്ടോ മൂന്നോ മാസം കഴിഞ്ഞാല്‍ മാത്രമേ ഇനി മത്സ്യബന്ധനത്തിനു കടലിലിറങ്ങാന്‍ പറ്റുകയുള്ളൂ. ഈ കാലങ്ങളില്‍ പട്ടിണി കൂടാതെ കഴിയാനുള്ള തയാറെടുപ്പിലാണ് മത്സ്യത്തൊഴിലാളികള്‍. മറ്റു തൊഴിലുകളൊന്നും വശമില്ലെങ്കിലും പലരും കൂലിപ്പണിക്കു പോകാനുള്ള തയാറെടുപ്പിലാണ്. ചില തൊഴിലാളികള്‍ കോരുവലയും ചൂണ്ടയും തയാറാക്കി പുഴകളില്‍ നിന്നും തീരക്കടലുകളില്‍ നിന്നും മത്സ്യം പിടിക്കാനുള്ള ഒരുക്കവും നടത്തുന്നുണ്ട്.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തി മത്സ്യബന്ധനം നടത്തിവന്നിരുന്ന ബോട്ടുകളെല്ലാം ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി തിരിച്ചുപോയി. ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളങ്ങള്‍ ഉപയോഗിച്ച് കരയില്‍ നിന്ന് 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ കടലില്‍ മത്സ്യബന്ധനം നടത്താവുന്നതാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad