Type Here to Get Search Results !

Bottom Ad

'ഈനാംപേച്ചി പോയാല്‍ മരപ്പട്ടി' മാറിമാറി വരുന്ന സര്‍ക്കാറുകളെ പരിഹസിച്ച് നടന്‍ ശ്രീനിവാസന്‍


കോഴിക്കോട് (www.evisionnews.in): ഭരണകാര്യത്തില്‍ ഒരു രാഷ്ട്രീയ കക്ഷി മറ്റേതിനെക്കാള്‍ നല്ലതെന്ന് തോന്നുന്നില്ലെന്ന് നടന്‍ ശ്രീനിവാസന്‍. രാഷ്ട്രീയത്തില്‍ ഉത്തരേന്ത്യക്കാര്‍ക്ക് വിവരമില്ലാത്തതാണ് പ്രശ്‌നം. എന്നാല്‍ മലയാളികള്‍ക്ക് വിവരമുണ്ടെങ്കിലും തെരഞ്ഞെടുക്കാന്‍ പറ്റിയ കക്ഷികളില്ല. ഈനാംപേച്ചി പോയാല്‍ മരപ്പട്ടി ഭരണത്തില്‍ വരുമെന്ന സ്ഥിതിയാണ് കേരളത്തിലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

കോഴിക്കോട് നടന്ന പരസ്ഥിതിയെ സംബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി പ്രശ്നങ്ങള്‍ അടക്കം പരിഹരിക്കാന്‍ സര്‍ക്കാരുകളോട് അപേക്ഷിച്ചിട്ട് കാര്യമില്ല. പകരം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഭരണം പിടിച്ചെടുക്കണം. അവരിലേക്ക് അധികാരം വരികയാണ് വേണ്ടത്. അങ്ങനെയുളള ജനാധിപത്യ രാഷ്ട്രത്തില്‍ തനിക്ക് എം.എല്‍.എയാകണമെന്നില്ല. എന്നാല്‍ എപ്പോഴും അതിന്റെ കൂടെയുണ്ടാകും. ജനാധിപത്യമില്ലാത്ത രാഷ്ട്രങ്ങളെക്കാള്‍ മോശമാണ് ഇന്ത്യയിലെ സ്ഥിതി. ഗുണ്ടാധിപത്യമോ, പണാധിപത്യമോ, രാഷ്ട്രീയാധിപത്യമോ ഒക്കെയാണ് നടക്കുന്നത്.

കള്ളവോട്ട് ചെയ്താല്‍ എങ്ങനെ ജനാധിപത്യം വരും. ഒറ്റത്തെരഞ്ഞെടുപ്പില്‍ 14 കള്ളവോട്ട് വരെ ചെയ്തയാള്‍ വിരല്‍ വല്ലാതെ എരിയുന്നുവെന്ന് പറയുന്നത് കേട്ട അനുഭവം തനിക്കുണ്ട്. പെരിയാറിന്റെ തീരത്ത് മാത്രം റെഡ് കാറ്റഗറിയില്‍പ്പെട്ട 83 ഫാക്ടറികളുണ്ട്. കോഴിയിലും വെളിച്ചെണ്ണയിലും കൊടിയ വിഷമാണ്. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാലും അതില്‍ മുക്കിയെടുത്ത കറിവേപ്പിലയാണ് നമുക്ക് കിട്ടുന്നത്. പശ്ചിമഘട്ടത്തില്‍ നൂറുകണക്കിന് ക്വാറികള്‍ക്കാണ് അനുമതി കൊടുത്തത്. ഇതെല്ലാം വെറുതെ സര്‍ക്കാരിനോട് പറയുന്നതിന് പകരം ജനം ഇടപെടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad