ബദിയടുക്ക (www.evisionnews.in): ബാറടുക്കയില്‍ വീടിന്റെ വാതില്‍പൂട്ട് പൊളിച്ച് 12 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. നാലരപവന്‍ സ്വര്‍ണാഭരണം കണ്ടെത്തി. സംഭവത്തില്‍ രണ്ടുപേരെ കൂടി പോലീസ് അന്വേഷിച്ചുവരികയാണ്. മുള്ളേരിയ-പൈക്ക റോഡില്‍ കാംപ്‌കോയ്ക്ക് സമീപത്തെ താമസക്കാരന്‍ അശോകനാ(38)ണ് അറസ്റ്റിലായത്. ബദിയടുക്കക്ക് സമീപം ബാറടുക്കയിലെ ശാരദയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്.
ജനുവരി 31ന് രാത്രിയാണ് സംഭവം. ശാരദയുടെ മകള്‍ നിഷയുടെ വിവാഹാവശ്യത്തിന് വാങ്ങിച്ച സ്വര്‍ണമാണ് കവര്‍ന്നത്. നിഷയുടെ വിവാഹം മാര്‍ച്ചില്‍ നടക്കാനിരിക്കെയാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തത്. വീടിന്റെ ഇരുഭാഗത്തേയും വാതില്‍ പൂട്ടുകള്‍ പൊളിച്ചായിരുന്നു കവര്‍ച്ച. നിഷ നല്‍കിയ പരാതിയില്‍ ബദിയടുക്ക പോലീസ് അന്വേഷിച്ചുവരികയായിരുന്നു. അതിനിടെയാണ് അശോകന്‍ പിടിയിലായത്. നാലരപവന്‍ സ്വര്‍ണാഭരണം അശോകന്റെ കൈവശം കണ്ടെത്തി. ബാക്കിയുള്ളവ മംഗളൂരുവിലെ ജ്വല്ലറിയില്‍ വില്‍പന നടത്തിയതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്. അശോകന്‍ എട്ട് കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ചാരായ കേസില്‍ പ്രതിയായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന അശോകന്‍ ഏതാനും മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ആട് മോഷ്ടിച്ചതിന് ആദൂര്‍ സ്റ്റേഷനിലും ചന്ദനം മോഷ്ടിച്ചതിന് കര്‍ണാടകയിലും അശോകനെതിരെ കേസുണ്ട്. ബാറടുക്കയിലെ കവര്‍ച്ചാ കേസില്‍ നെക്രാജെയിലെ ഹരീഷിനേയും കണ്ണൂര്‍ സ്വദേശിയേയും പോലീസ് അന്വേഷിച്ചുവരികയാണ്. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ അശോകനെ റിമാണ്ട് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും ബാക്കിയുള്ള സ്വര്‍ണം കണ്ടെത്തുന്നതിനും അശോകനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമെന്ന് പോലീസ് പറഞ്ഞു.
Post a Comment
0 Comments