മൊഗ്രാല്‍പുത്തൂര്‍ (www.evisionnews.in): കേരളത്തിന്റെ വടക്കേയറ്റത്ത് ഏറെയൊന്നും അറിയപ്പെടാത്ത മൊഗ്രാല്‍പുത്തൂര്‍ ഗ്രാമത്തില്‍ നിന്നും വിജയവീഥികള്‍ താണ്ടി ഏവരും അറിയപ്പെടുന്ന അമേരിക്കന്‍ മാധ്യമ ലാകത്തെത്തി അത്ഭുതങ്ങള്‍ തീര്‍ത്ത പൂര്‍വ്വ വിദ്യാര്‍ത്ഥി മുന്നിലെത്തിയപ്പോള്‍ കുരുന്നുകള്‍ക്ക് അത് വിസ്മയത്തിന്റെയും കൗതുകത്തിന്റെയും, ജിജ്ഞാസയുടെയും മുഹൂര്‍ത്തമായി. ജി.എച്ച്.എസ്.എസ് മൊഗ്രാല്‍ പുത്തൂരിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും അമേരിക്കന്‍ പത്രപ്രവര്‍ത്തകനുമായ മുഹമ്മദ് ആഷിഫാണ് പുതിയ തലമുറയിലെ കുട്ടികളുമായി സംവദിക്കാന്‍ മാതൃവിദ്യാലയത്തിലെത്തിയത്.
അമേരിക്കയിലെ 'ബെസ്റ്റ് സെല്ലര്‍' കൂടിയായ ഒരു പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് തങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി എന്നറിഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് ചോദിക്കാനും പറയാനും ഏറെ.. ചോദ്യങ്ങള്‍ക്കെല്ലാം കുസൃതിയും ആവേശവും ഒപ്പം പ്രചോദനവും നിറഞ്ഞ മറുപടികള്‍... തങ്ങളുടെ വിദ്യാലയത്തെ നടക്കാവ് വിദ്യാലയം പോലെ സ്മാര്‍ട്ടാക്കാന്‍ സഹായിക്കാമോ എന്ന ചോദ്യത്തിനും അനുകൂലമായ മറുപടി... ഒടുവില്‍ മടങ്ങുമ്പോള്‍ എല്‍.പി, യു.പി. വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ജൂനിയര്‍ കമ്പൂട്ടര്‍ ലാബ് ഒരുക്കാനായുള്ള പ്രവര്‍ത്തനം ഏറ്റെടുക്കാമെന്ന ഉറപ്പും വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കി. ഒ.എസ്.എ ചെയര്‍മാന്‍ മുജീബ് കമ്പാര്‍, കണ്‍വീനര്‍ മാഹിന്‍ കുന്നില്‍, പി.ടി.എ പ്രസിഡണ്ട് പി.ബി അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവരും ആഷിഫിനൊപ്പം വിദ്യാലയത്തിലെത്തി.
Post a Comment
0 Comments