കാസര്‍കോട് (www.evisionnews.in): വിദ്യാനഗര്‍, ചെട്ടുംകുഴിയില്‍ താമസക്കാരനും തളങ്കര സ്വദേശിയുമായ സ്വര്‍ണ്ണ വ്യാപാരി മുഹമ്മദ് മന്‍സൂറി(42)നെ വിളിച്ചു കൊണ്ടുപോയി തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പൊട്ടക്കിണറ്റില്‍ തള്ളിയ കേസിലെ പ്രതിയെ തിരിച്ചറിയല്‍ പരേഡിനു വിധേയനാക്കാന്‍ കോടതി അനുമതി നല്‍കി. തമിഴ്‌നാട്, സ്വദേശിയും ബായാറില്‍ താമസക്കാരനുമായ മുഹമ്മദ് അഷ്‌റഫ് എന്ന മാരി മുത്തുവിനെ പരേഡിനു വിധേയനാക്കാനാണ് കാസര്‍കോട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്. ഹൊസ്ദുര്‍ഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റി (രണ്ട്)ന്റെ സാന്നിധ്യത്തില്‍ കാസര്‍കോട് സബ് ജയിലില്‍ ആയിരിക്കും പരേഡ് നടത്തുക. കഴിഞ്ഞ മാസം 25ന് പട്ടാപ്പകലാണ് മുഹമ്മദ് മന്‍സൂര്‍, പൈവളിഗെ, ബായാറിനു സമീപത്തെ ചക്കര ഗുളിയില്‍ കൊല്ലപ്പെട്ടത്. പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കാനുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചുകൊണ്ടുപോയി തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം സ്വര്‍ണ്ണാഭരണം കൈക്കലാക്കിയെന്നാണ് കേസ്. കേസിലെ മറ്റൊരു പ്രതി കറുവപ്പാടിയിലെ അബ്ദുല്‍ സലാമിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ കോടതി അനുമതിയോടെ പോലീസ് കസ്റ്റഡിയിലാണ്.
Post a Comment
0 Comments