കാഞ്ഞങ്ങാട് (www.evisionnews.in): വരള്‍ച്ച തടയുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പിലാക്കാനെത്തിയ ചിറ്റാരിക്കാല്‍ എസ്.ഐയുടെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയ ഈസ്റ്റ് എളേരി പഞ്ചായത്ത് വൈ. പ്രസിഡണ്ട് ജയിംസ് പന്തമാക്കലിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. അമ്പാടി ബസാറില്‍ അനധികൃതമായി കുഴല്‍ കിണര്‍ നിര്‍മ്മാണം നടക്കുന്നുണ്ടെന്നും നടപടിയെടുക്കണമെന്നും ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബു ചിറ്റാരിക്കാല്‍ എസ്.ഐയോട് ആവശ്യപ്പെടുകയായിരുന്നു.
ഇതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് കുഴല്‍ കിണര്‍ കുഴിക്കുന്ന വാഹനം കസ്റ്റഡിയിലെടുത്തു. ഇതോടെ പറമ്പിന്റെ ഉടമ ഇടപെട്ട് പോലീസ് സ്റ്റേഷന്റെ മൂക്കിനു താഴെ കിണര്‍ കുഴിക്കുന്നതു എന്തുകൊണ്ട് തടയുന്നില്ലെന്നു ചോദിച്ചു. ഇതോടെ എസ്.ഐയും സംഘവും അവിടെയത്തി. ലോറി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. ഇതോടെ പഞ്ചായത്ത് വൈ.പ്രസിഡണ്ടും കുഴല്‍ കിണര്‍ നിര്‍മ്മാണത്തിന്റെ ഏജന്റുമായ ജയിംസ് പന്തമാക്കല്‍ ആള്‍ക്കാരെ കൂട്ടി സ്ഥലത്തെത്തുകയും പോലീസ് നടപടി തടസ്സപ്പെടുത്തുകയും ചെയ്തു. കലക്ടറുടെ ഉത്തരവാണെന്നു പറഞ്ഞപ്പോള്‍ എസ്.ഐയുടെ കോളറില്‍ പിടിച്ചു നിര്‍ത്തുകയും ഇതിനിടയില്‍ കുഴല്‍ കിണര്‍ കുഴിക്കാനെത്തിയവര്‍ വാഹനവുമായി രക്ഷപ്പെടുകയുമായിരുന്നുവെന്നു പോലീസ് അറിയിച്ചു.
സംഭവങ്ങളെല്ലാം പോലീസ് മൊബൈലില്‍ പകര്‍ത്തി. പിന്നീട് കൂടുതല്‍ പോലീസെത്തി പഞ്ചായത്ത് വൈ.പ്രസിഡണ്ടിനെ അറസ്റ്റു ചെയ്ത് സ്റ്റേഷനിലെത്തിച്ച ശേഷം വൈദ്യ പരിശോധന നടത്തി പുലര്‍ച്ചെ മൂന്നു മണിയോടെ വിട്ടയച്ചു. കുഴല്‍ കിണര്‍ കുഴിക്കുന്നതിന് വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍ എന്നിവരുടെ മൂന്‍കൂര്‍ അനുമതി വേണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. വഴള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം കര്‍ശനമായ നടപടികളാണ് പോലീസ് സ്വീകരിച്ച് വരുന്നത്.
Post a Comment
0 Comments