മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): കഴിഞ്ഞ ദിവസം വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മരിച്ചു. മുസ്ലിം ലീഗ് നേതാവ് എരിയാല്‍ ചേരങ്കൈയിലെ അബ്ദുല്‍ ഗഫൂര്‍ ചേരങ്കൈയാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെ സി.പി.സി.ആര്‍.ഐക്ക് സമീപം ഗഫൂര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇന്നോവ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്താം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡണ്ട്, ചേരങ്കൈ ജമാഅത്ത് കമ്മിറ്റി വൈസ്. പ്രസിഡണ്ട് എന്നീ പദവികള്‍ വഹിച്ചിരുന്നു.
കഴിഞ്ഞ ഭരണസമിതിയില്‍ വൈസ് പ്രസിഡണ്ടായിരിക്കെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. സൗമ്യനും സദാപുഞ്ചിരിയുമായി നടക്കുന്ന ഗഫൂര്‍ ചേരങ്കൈ രാഷ്ട്രീയത്തിനതീതമായ സൗഹൃദം സൂക്ഷിച്ചിരുന്നു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സേവന രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഗഫൂര്‍ മൊഗ്രാല്‍ പുത്തൂരിലെ ദുരിത ബാധിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. എരിയാല്‍ കാവുഗോളി സ്‌കൂളില്‍ നടന്ന പ്രഭാത ഭക്ഷണ ഉദ്ഘാടന ചടങ്ങിലും മൊഗ്രാല്‍ പുത്തൂര്‍ പി.എച്ച്.സിയുടെ പുതിയ കെട്ടിടത്തത്തിന്റെ ഉദ്ഘാടന ചടങ്ങിലും മുന്‍പന്തിയിലുണ്ടായിരുന്നു. ചേരങ്കൈയിലെ കുഞ്ഞാലിയുടെയും ദൈനബിയുടെയും മകനാണ്. സക്കീനയാണ് ഭാര്യ. ഷബീല, സര്‍ഫാസ് (ദുബൈ), ആസിഫ് (ദുബൈ), അഫ്‌സല്‍ മക്കളാണ്. മരുമക്കള്‍: ഷുഹൈബ്, മഷൂഫ, ഫസീഹ. സഹോദരി: ബീഫാത്തിമ.
Post a Comment
0 Comments