കാസര്‍കോട് (www.evisionnews.in): കണ്ണൂരില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നും ചൊവ്വാഴ്ച ഹര്‍ത്താലാണെന്നുമുള്ള വ്യാജ വാട്‌സ് ആപ്പ് സന്ദേശം പ്രചരിച്ചത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. തിങ്കളാഴ്ച ഉച്ചമുതലാണ് വാട്‌സ് ആപ്പുകളില്‍ പ്രചരണം നടന്നത്. ഇത് സത്യമാണെന്ന് കരുതി പലരും ഷെയര്‍ ചെയ്തുകൊണ്ടിരുന്നു. വ്യാജമാണെന്ന് തിരിച്ചറിഞ്ഞ പോലീസ് ഇതിന്റെ ഉറവിടം കണ്ടെത്താനായി ശ്രമിച്ചുവരികയാണ്. വെള്ളരിക്കുണ്ടില്‍ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തനിക്ക് മറ്റൊരാള്‍ അയച്ചുതന്ന സന്ദേശം ഗ്രൂപ്പില്‍ ഇട്ടതാണെന്നും തനിക്ക് ഇതിനെകുറിച്ച് ഒന്നുമറിയില്ലെന്നും യുവാവ് പോലീസില്‍ മൊഴി നല്‍കി. മൊഴി എഴുതി രേഖപ്പെടുത്തിയ ശേഷം യുവാവിനെ രാത്രി വിട്ടു.
വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത് സാമൂഹ്യവിരുദ്ധരാണെന്നാണ് സംശയിക്കുന്നത്. നാട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് കണ്ട് രസിക്കാന്‍ വേണ്ടി ചെയ്യുന്നതാണെന്നും സംശയിക്കുന്നു. വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പോലീസ് ഗൗരവത്തോടെ കാണുന്നുണ്ട്. സന്ദേശത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനാണ് നീക്കം.
സ്‌കൂളിന് അവധി നല്‍കിയെന്നുമുള്ള സന്ദേശവും ചില ദിവസങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കൈമാറുന്നവര്‍ സൂക്ഷ്മത പാലിക്കണമെന്നും വ്യാജ വാര്‍ത്തകള്‍ ഷെയര്‍ചെയ്യുന്നത് കേസില്‍ കുടുങ്ങാന്‍ ഇടയാക്കുമെന്നും പോലീസ് പറഞ്ഞു.
Post a Comment
0 Comments