കാസര്‍കോട് (www.evisionnews.in): തെങ്ങില്‍ കയറാന്‍ തൊഴിലാളികളെ കിട്ടുന്നില്ലെന്ന് ഇനി പരാതിപ്പെടേണ്ട! മൊബൈല്‍ ഫോണില്‍ ഒന്നു പരതിയാല്‍ മതിയാവും. കൂലി പറഞ്ഞുറപ്പിച്ച് ആളെ തിരഞ്ഞെടുക്കാം! കാസര്‍കോട്ടെ മൂന്നു യുവാക്കള്‍ ചേര്‍ന്നു പുറത്തിറക്കിയ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലൂടെയാണു തൊഴിലാളികളെ ലഭിക്കുന്നത്. തെങ്ങുകയറ്റവും നാടന്‍പണിയും വീട്ടുജോലിയും മുതല്‍ വീട് ഡിസൈന്‍ ചെയ്യാന്‍ എന്‍ജിനീയര്‍മാരെ വരെ ഈ ആപ്പില്‍ ലഭിക്കും.
സ്മാര്‍ട് കാസര്‍കോട് എന്ന പേരില്‍ പുറത്തിറക്കിയ മൊബൈല്‍ ആപ് ആന്‍ഡ്രോയിഡ് ഫോണിലാണു ലഭിക്കുക. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്നു നിര്‍മാതാക്കളായ സയിദ് സല്‍മാന്‍, പ്രമോദ്, സിജാദ് എന്നിവര്‍ പറയുന്നു. തൊഴിലാളികള്‍ക്ക് ആപ്പില്‍ നേരിട്ടു റജിസ്റ്റര്‍ ചെയ്യാം. അപ്‌ലോഡ് ചെയ്ത വിവരങ്ങള്‍ യഥാര്‍ഥമാണോ എന്ന് ആപ് അധികൃതര്‍ പരിശോധിച്ച ശേഷമായിരിക്കും റജിസ്‌ട്രേഷന്‍ അംഗീകരിക്കുകയെന്നും നിര്‍മാതാക്കള്‍ പറയുന്നു.

Post a Comment
0 Comments