Type Here to Get Search Results !

Bottom Ad

ഹജ്: അഞ്ചാം വര്‍ഷക്കാര്‍ പാസ്‌പോര്‍ട് സഹിതം അപേക്ഷ നേരിട്ടു സമര്‍പ്പിക്കണം


കരിപ്പൂര്‍:(www.evisionnews.in) ഹജ് കമ്മിറ്റി മുഖേന ഹജ് യാത്രയ്ക്കുള്ള അഞ്ചാം വര്‍ഷ അപേക്ഷകരും 70 വയസ്സു കഴിഞ്ഞവരും അസല്‍ പാസ്‌പോര്‍ട് സഹിതം അപേക്ഷകള്‍ കരിപ്പൂരിലെ ഹജ് ഹൗസില്‍ നേരിട്ടു സമര്‍പ്പിക്കണം. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ മൂന്നുവരെ അപേക്ഷ സ്വീകരിക്കും. 2018 ഫെബ്രുവരി 28 വരെ കാലാവധിയുള്ള മെഷിന്‍ റീഡബിള്‍ പാസ്‌പോര്‍ട് ആയിരിക്കണം. കുടുംബബന്ധമുള്ള പരമാവധി അഞ്ചുപേര്‍ക്കു വരെ ഒരു കവറില്‍ അപേക്ഷിക്കാം. കവര്‍ ലീഡര്‍ പുരുഷനായിരിക്കണം. വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കു പാസ്‌പോര്‍ട് സമര്‍പ്പിക്കുന്നതിനു കൂടുതല്‍ സമയം ആവശ്യമാണെങ്കില്‍, 2017 ജൂലൈ അഞ്ചുവരെ സമയം നീട്ടിക്കിട്ടുന്നതിനായി രേഖകള്‍ സഹിതം അപേക്ഷിക്കാം. 2017 ജനുവരി ഒന്നിന് 70 വയസ്സു പൂര്‍ത്തിയായവര്‍ക്ക് റിസര്‍വ് എ വിഭാഗത്തില്‍ അപേക്ഷിക്കാം. ഒരു സഹായി നിര്‍ബന്ധമാണ്. ഭാര്യ, ഭര്‍ത്താവ്, മക്കള്‍, മരുമക്കള്‍, സഹോദരങ്ങള്‍, പേരക്കുട്ടികള്‍, സഹോദര മക്കള്‍ എന്നിവരല്ലാത്ത ബന്ധുക്കളെ സഹായിയാകാന്‍ അനുവദിക്കില്ല. 70 വയസ്സു കഴിഞ്ഞവര്‍ യാത്ര റദ്ദാക്കിയാല്‍ കൂടെയുള്ളവരുടെ യാത്രയും തടസ്സപ്പെടും. സ്ത്രീകള്‍ക്ക് മെഹ്‌റം (യാത്ര അനുവദിനീയമായ പുരുഷന്‍) കൂടെ വേണം. കവര്‍ ലീഡറുടെ മേല്‍വിലാസമെഴുതിയ 40 രൂപയുടെ സ്റ്റാംപ് പതിച്ച കവര്‍, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, കാന്‍സല്‍ ചെയ്ത ഐഎഫ്എസ്‌സി കോഡുള്ള ബാങ്ക് ചെക്കിന്റെ പകര്‍പ്പ്, പണമടച്ച ഒറിജിനല്‍ പേ ഇന്‍ സ്‌ലിപ് എന്നിവ സഹിതം അപേക്ഷിക്കണം.

കവറിനു പുറത്ത് ഹജ് അപേക്ഷ– 2017 എന്നും മൊത്തം അപേക്ഷകരുടെ എണ്ണവും കാറ്റഗറിയും കാണിച്ചിരിക്കണം. ഓരോരുത്തരും പ്രോസസിങ് ചാര്‍ജ് ആയി 300 രൂപ എസ്ബിഐയുടെയോ യൂണിയന്‍ ബാങ്കിന്റെയോ ശാഖകളില്‍ അടച്ചതിന്റെ പേ ഇന്‍ സ്‌ലിപ് അപേക്ഷയോടൊപ്പം ചേര്‍ക്കണം. 2017 ഒക്ടോബര്‍ 10നു രണ്ടുവയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു മാതാപിതാക്കളോടൊപ്പം അപേക്ഷിക്കാം. വിമാനയാത്രാ നിരക്കിന്റെ 10% ഈടാക്കും. രണ്ടു വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കു മുഴുവന്‍ തുകയും അടയ്ക്കണം. അപേക്ഷയോടൊപ്പം വിശദമായ 'മാര്‍ഗ നിര്‍ദേശങ്ങള്‍' ലഭിക്കും. അവ കൃത്യമായി പാലിച്ചിരിക്കണമെന്നു ഹജ് ഹൗസ് അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 24. വിലാസം: എക്‌സിക്യൂട്ടീവ് ഓഫിസര്‍, സംസ്ഥാന ഹജ് കമ്മിറ്റി ഓഫിസ്, ഹജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പിഒ, മലപ്പുറം–673647. സ്പീഡ് പോസ്റ്റിലോ കുറിയര്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കാം. ഫോണ്‍: 0483–2710717.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad