Type Here to Get Search Results !

Bottom Ad

സഹകരണസമരം: സിപിഎമ്മുമായി സഹകരിക്കുമെന്ന് മുസ്‌ലിം ലീഗ്


മലപ്പുറം:(www.evisionnews.in) സഹകരണ ബാങ്കുകളുടെ പ്രതിസന്ധി നേരിടാന്‍ സിപിഎമ്മുമായി സഹകരിക്കുമെന്ന് മുസ്‌ലിം ലീഗ്. ഒറ്റക്കെട്ടായ പ്രക്ഷോഭമാണ് ആവശ്യമെന്ന് മുതിര്‍ന്ന ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളുടെ ആവശ്യത്തില്‍ രാഷ്ട്രീയം മറന്ന് ഒരുമിച്ചുനില്‍ക്കണം. ഇക്കാര്യം തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് നേതൃയോഗത്തില്‍ അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയത്തില്‍ യോജിച്ച സമരങ്ങളാണ് ആവശ്യമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സിപിഎമ്മിന്റെ പ്രക്ഷോഭവുമായി സഹകരിക്കണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്നാണ് കഴിഞ്ഞ ദിവസം മജീദ് പറഞ്ഞത്. സഹകരണ സ്ഥാപനങ്ങളുടെ നിലനില്‍പു സംബന്ധിച്ച വലിയ ആശങ്കയാണുള്ളത്. നിലവില്‍ കോണ്‍ഗ്രസും ലീഗും ഒറ്റയ്‌ക്കൊറ്റയ്ക്കു പ്രതിഷേധ സമരങ്ങളുമായി രംഗത്തുണ്ട്. യോജിച്ചുള്ള തീരുമാനങ്ങളാണു സഹകരണ മേഖലയ്ക്കു നല്ലതെന്നുമാണ് ലീഗ് നിലപാട്.

എന്നാല്‍, സഹകരണ പ്രതിസന്ധിയുടെ പേരില്‍ കേന്ദ്രത്തിനെതിരെയുള്ള യോജിച്ച സമരത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷത്തു ഭിന്ന സ്വരം ഉയര്‍ന്നിരുന്നു. ലീഗ് നിലപാടിനെതിരായി ഒരുമിച്ചുള്ള സമരത്തിനു കോണ്‍ഗ്രസില്ലെന്നാണ് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നിലപാട്. പ്രതിപക്ഷത്തെക്കൂടി സഹകരിപ്പിച്ചുള്ള പ്രചാരണ, പ്രക്ഷോഭ പരിപാടികളാണു സിപിഎമ്മും സര്‍ക്കാരും ആലോചിച്ചത്. അതിനോട് അനുകൂലമായ പ്രതികരണം ചെന്നിത്തലയില്‍നിന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍നിന്നുമുണ്ടായി. പക്ഷേ, അതിനോടു യോജിക്കുന്നില്ലെന്നു സുധീരന്‍ വ്യക്തമാക്കിയതിനു പിന്നാലെ കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസനും അദ്ദേഹത്തെ പിന്തുണച്ചു രംഗത്തെത്തുകയായിരുന്നു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad