Type Here to Get Search Results !

Bottom Ad

നോര്‍ത്ത് ഈസ്റ്റ് ജയിച്ചുകയറി; സെമിയിലെത്താന്‍ ബ്ലാസ്റ്റേഴ്‌സിന് കാത്തിരിക്കണം


ഗുവാഹത്തി:(www.evisionnews.in) ഐഎസ്എല്‍ മൂന്നാം സീസണിലെ അവശേഷിക്കുന്ന ഒരേയൊരു സെമിസ്ഥാനം ഉറപ്പിക്കാനുള്ള കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടു വഴികളില്‍ ആദ്യ വഴി അടഞ്ഞു. ഗുവാഹത്തിയില്‍ നടന്ന മല്‍സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ ആതിഥേയരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ജയിച്ചുകയറിയതോടെയാണ് സെമി ഉറപ്പിക്കാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ അവസരം പാഴായത്. കരുത്തരായ ഡല്‍ഹിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ജയം. ഈ മല്‍സരം ഡല്‍ഹി ജയിച്ചിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് സെമി ഉറപ്പിക്കാമായിരുന്നു. ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ഗോളുകള്‍. സെയ്ത്യാസെന്‍ സിങ് (60), ക്രിസ്റ്റ്യന്‍ റോമറിക് (71) എന്നിവരാണ് ഗോളുകള്‍ നേടിയത്. ഡല്‍ഹിയുടെ ആശ്വാസ ഗോള്‍ മാര്‍സലീഞ്ഞോ (90+) നേടി.


വിജയത്തോടെ നോര്‍ത്ത് ഈസ്റ്റിന് 13 മല്‍സരങ്ങളില്‍ നിന്ന് 18 പോയിന്റായി. 13 മല്‍സരങ്ങളില്‍നിന്ന് 20 പോയിന്റുള്ള ഡല്‍ഹി നേരത്തേതന്നെ സെമി ഉറപ്പിച്ച ടീമാണ്. ഇതോടെ, ഡിസംബര്‍ നാലിന് കൊച്ചിയില്‍ നടക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ്‌നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മല്‍സരം വളരെ നിര്‍ണായകമായി. ഈ മല്‍സരത്തില്‍ ജയിക്കുന്ന ടീമിന് സെമിയില്‍ കടക്കാം.  മല്‍സരം സമനിലയായാലും ബ്ലാസ്റ്റേഴ്‌സ് മുന്നേറും. ഐഎസ്എല്‍ മൂന്നാം സീസണിലെ ഉദ്ഘാടന മല്‍സരത്തിലും ഈ ടീമുകളാണ് ഏറ്റുമുട്ടിയത്. അന്ന് വിജയം ആതിഥേയരായ നോര്‍ത്ത് ഈസ്റ്റിനൊപ്പം നിന്നു.

സെമിയിലേക്ക് മുന്നേറാന്‍ വിജയം അനിവാര്യമാണെന്ന നിലയില്‍ കളത്തിലിറങ്ങിയ നോര്‍ത്ത് ഈസ്റ്റിന്റെ പ്രകടനത്തിലുടനീളം വിജയത്തിനായുള്ള ദാഹം നിറഞ്ഞുനിന്നു. എതിരാളികള്‍ കരുത്തരാണെന്നതൊന്നും കാര്യമാക്കാതെ വിജയം മാത്രം ലക്ഷ്യമിട്ട് പൊരുതിയ നോര്‍ത്ത് ഈസ്റ്റിന് ആദ്യപകുതിയില്‍ ഗോളൊന്നും നേടാനായില്ല. എന്നാല്‍, രണ്ടാം പകുതിയില്‍ കളി മാറി. ദിദിയര്‍ സൊക്കോറയില്‍നിന്ന് ലഭിച്ച പന്തുമായുള്ള സെയ്ത്യാന്‍സെന്‍ സിങ്ങിന്റെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. പോസ്റ്റിന്റെ ഇടതുഭാഗത്ത് അതിര്‍ത്തിവരയോട് ചേര്‍ന്ന് സെയ്ത്യാന്‍ സിങ് നടത്തിയ മുന്നേറ്റം തടയാനുള്ള സൗവിക്കിന്റെ ശ്രമം പാളി. പന്ത് കൈയിലൊതുക്കാന്‍ മുന്നോട്ടുകയറിയെത്തിയ ഡല്‍ഹി ഗോളിക്കും പിഴച്ചു. സെയ്ത്യാന്‍സെന്‍ സിങ് പന്തു തട്ടി വലയിലിട്ടു. സ്‌കോര്‍ 10.


ഗോള്‍നേട്ടത്തിന് 10 മിനിറ്റിന്റെ ആയുസെത്തിയതിനു പിന്നാലെ നോര്‍ത്ത് ഈസ്റ്റ് രണ്ടാം വട്ടവും ലക്ഷ്യം കണ്ടു. മധ്യവരയ്ക്കു സമീപത്തുനിന്നും റോബര്‍ട്ട് കുല്ലന്റെ പാസ് ക്രിസ്റ്റ്യന്‍ റോമറിക്കിലേക്ക്. തടയാനെത്തിയ ഡല്‍ഹി പ്രതിരോധനിരക്കാരെ വെട്ടിയൊഴിഞ്ഞ് റോമറിക്കിന്റെ മുന്നേറ്റം. ഓട്ടത്തിനിടയില്‍ റോമറിക്ക് തൊടുത്ത ഷോട്ട് തടയാന്‍ ഡല്‍ഹി ഗോളി ഡോബ്ലാസിനായില്ല. പന്ത് വലയില്‍. സ്‌കോര്‍ 20. 
ലീഡ് വര്‍ധിപ്പിക്കാനായി നോര്‍ത്ത് ഈസ്റ്റ് കിണഞ്ഞു ശ്രമിക്കവെ മല്‍സരത്തിന്റെ അധിക സമയത്ത് ഡല്‍ഹി ആശ്വാസ ഗോള്‍ നേടി. പോസ്റ്റിന്റെ ഇടത്തുഭാഗത്തുകൂടി മുന്നേറി മാര്‍സലീഞ്ഞോ തൊടുത്ത ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോളിയെ മറികടന്ന് വലയില്‍. സ്‌കോര്‍ 21. കൂടുതല്‍ നീക്കങ്ങള്‍ക്ക് സമയമില്ലാതെ പോയതോടെ ഇതേ സ്‌കോറുമായി നോര്‍ത്ത് ഈസ്റ്റ് സെമി പ്രതീക്ഷ കാത്തു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad