കാഞ്ഞങ്ങാട് (www.evisionnews.in): മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരമാണ് ഹോസ്ദുര്‍ഗ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതസ്പര്‍ധ വളര്‍ത്തല്‍, മതവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ശശികലയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി. ജില്ലാ പൊലീസ് മേധാവി പരാതി ഹോസ്ദുര്‍ഗ് പൊലീസിന് കൈമാറുകയായിരുന്നു. ശശികലയുടെ വിദ്വേഷ പ്രസംഗത്തിന്റെ യുട്യൂബ് ലിങ്കുകള്‍ സഹിതമാണ് ഷുക്കൂര്‍ പരാതി നല്‍കിയിരുന്നത്.
മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ തുടര്‍ച്ചയായി കെപി ശശികല പൊതുവേദികളില്‍ പ്രസംഗിച്ചു. വിവിധ മതവിഭാഗങ്ങളെ അടച്ചാക്ഷേപിക്കുകയും മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും വെറുപ്പും ശത്രുതാ മനോഭാവവും ഉണ്ടാക്കുകയും ചെയ്യുന്നു. പ്രസംഗം മതേതര ജാനാധിപത്യ സമൂഹത്തിന് ഗുണകരമല്ല.പരാതിയില്‍ പറയുന്നു.
സാധാരണക്കാരായ ഹൈന്ദവ വിശ്വാസികളെ പ്രകോപിപ്പിക്കാനാണ് ശശികലയുടെ ശ്രമം. മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതാമനോഭാവം വളര്‍ത്തി പരസ്പരം അകറ്റുകയാണ് പ്രസംഗങ്ങളുടെ ഉദ്ദേശം. നിയമവാഴ്ച്ചയെ വെല്ലുവിളിക്കുന്ന ഇവരുടെ പ്രസംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ഓരോ പ്രസംഗങ്ങളുടേയും വരികളും വരികള്‍ക്കിടയിലെ അര്‍ത്ഥങ്ങളും സൗഹാര്‍ദത്തോടെ ഒത്തൊരുമിച്ച് ജീവിക്കുന്ന കേരളീയ മനസുകളെ പരസ്പരം അകറ്റുന്നതിനും ശത്രുക്കളാക്കുവാനും ഉദ്ദേശിച്ചിട്ടുള്ളതാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പ്രഭാഷണം നടത്തുന്ന ശശികലയുടെ വര്‍ഗീയ പ്രസംഗങ്ങളുടെ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. നിയമ നടപടികള്‍ സ്വീകരിച്ച് ഭാവിയില്‍ ഇത്തരം പ്രസംഗങ്ങള്‍ നടത്തുവാന്‍ സാഹചര്യങ്ങള്‍ നല്‍കരുതെന്നും സി ഷുക്കൂറിന്റെ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
keywords:kasaragod-kanhangad-case-againt-shashikala

Post a Comment
0 Comments