Type Here to Get Search Results !

Bottom Ad

ജനറല്‍ ആശുപത്രി കൈക്കൂലി: പന്ത് മന്ത്രിയുടെ കോര്‍ട്ടില്‍, ഇനി ടീച്ചര്‍ തീരുമാനിക്കട്ടെ


കാസര്‍കോട്: (www.evisionnews.in) കാസര്‍കോട് ജനറല്‍ ആശുപത്രിയെ അഴിമതിയുടെ കൂത്തരങ്ങായും കെടുകാര്യസ്ഥതയുടെ പര്യായമായും മാറ്റിയതിന് ഉത്തരവാദികള്‍ ജില്ലാ ആസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വവും ജനപ്രതിനിധികളും. നൂറ്റാണ്ടിന്റെ പഴക്കമുള്ള ധര്‍മാശുപത്രിയെന്ന ഈ ആതുരാലയം ജനറല്‍ ആശുപത്രിയായി നഗരമധ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ കീഴ്ത്തട്ടില്‍ തഴച്ചുവളരുന്നത് അഴിമതിയുടെ കളകളാണ്. ഈ കളകളെ പിഴുതെറിയാതെ ഇനിയൊരിഞ്ച് മുന്നോട്ടുപോകാനാകില്ലെന്ന് ജനം വിധിയെഴുതിക്കഴിഞ്ഞു. ഇതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിക്ക് മുമ്പില്‍ അരങ്ങേറുന്ന ജനകീയ പ്രതിഷേധരംഗങ്ങള്‍. ഇത് കാസര്‍കോട്ടെ രാഷ്ട്രീയ നേതൃത്വവും ജനപ്രതിനിധികളും കണ്ടില്ലെന്ന് നടിച്ചാല്‍ ജനങ്ങള്‍ ശക്തമായ ഇടപെടലിന് സന്നദ്ധരാകുമെന്നും സൂചനകളുണ്ട്. 

ഏറ്റവുമൊടുവില്‍ ആദിവാസി യുവതിയായ സരസ്വതിയില്‍ നിന്ന് കൈക്കൂലി പിടുങ്ങാന്‍ കുപ്രസിദ്ധരായ രണ്ടു ഡോക്ടര്‍മാര്‍ ശ്രമിച്ച വിവരം പുറത്തുവന്നതോടെയാണ് പത്രമാഫീസുകളിലേക്ക് ഈ ഡോക്ടര്‍മാരുടെ രോഗികളോടുള്ള ശത്രുതാപരമായ നടപടികളുടെ നൂറുകൂട്ടം പരാതികള്‍ പ്രവഹിക്കുന്നത്. മാധ്യമ ഫോട്ടോഗ്രാഫറുടെ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട കേസില്‍ പോലും ആയിരംരൂപ പിടുങ്ങിയ വിരുതനായ ഡോക്ടറുടെ കഥയും ഇതിനൊപ്പമാണ് പുറത്തുവന്നിട്ടുള്ളത്. കൈക്കൂലി കൊടുക്കാനാവാത്ത പിന്നാക്ക വിഭാഗങ്ങളില്‍പെട്ട സ്ത്രീകളുടെ പ്രസവവുമായി ബന്ധപ്പെട്ട് കൈക്കൂലി കിട്ടാത്തവര്‍ പുലര്‍ത്തിയ ഉദാസീനതമൂലം നവജാത ശിശുക്കളുടെ മരണവും ജനറല്‍ ആശുപത്രിക്കുള്ളില്‍ നടന്നിട്ടുണ്ടെന്നാണ് നടുക്കുന്ന മറ്റൊരു വിവരം. ജനറല്‍ ആശുപത്രിയിലെ കൈക്കൂലി വിവാദത്തെ കുറിച്ച് ചോദിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും പറയുന്നവര്‍ക്കും ഒന്നേ പറയാനുള്ളൂ. ഇക്കഥ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവിടെ ഇതല്ല, ഇതിനപ്പുറവും നടക്കുമെന്നാണ്. 

തീവ്രപരിചരണ വിഭാഗത്തില്‍ ഉറുമ്പുകള്‍ താവളമടിച്ച കഥയും ഇതിനകം പാട്ടായിട്ടുണ്ട്. എക്‌സ് റേ യൂണിറ്റ് രണ്ടു വര്‍ഷമായി അടച്ചിട്ടത് മൂലം ജില്ലാ ആസ്ഥാനത്ത് കൂണുപോലെ മുളച്ചുപൊങ്ങിയത് സ്വകാര്യ എക്‌സ്‌റേ യൂണിറ്റുകളാണ്. ഇതില്‍ നിന്നും കൃത്യയമായ വിഹിതം പറ്റുന്ന വീരന്മാരും ആശുപത്രിക്കുള്ളിലുണ്ട്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയുടെ ബ്രോക്കര്‍മാരായ ഡോക്ടര്‍മാരും ഇവിടെ ഉണ്ടെന്നാണ് ആരോപണം. ഇത് സാധൂകരിക്കുന്ന നിരവധി സംഭവങ്ങളും ഉദാഹരണ സഹിതം നിരത്തുന്നവരും പത്രമാഫീസുകളില്‍ എത്തിയിട്ടുണ്ട്. ഇക്കുറി കാസര്‍കോട്ടെ മാധ്യമങ്ങളുടെ അതിശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ആദിവാസി സ്ത്രീയുമായി ബന്ധപ്പെട്ട കൈക്കൂലി വിവാദം ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ മുമ്പിലെത്തുന്നത്. ഇപ്പോള്‍ പന്ത് മന്ത്രിയുടെ കോര്‍ട്ടിലെത്തിക്കഴിഞ്ഞു. ഇനി ടീച്ചര്‍ തീരുമാനിക്കട്ടെ.


Keywords: Kasaragod-news-general-hospital-bribery-case- minister-kk shailaja-k




Post a Comment

0 Comments

Top Post Ad

Below Post Ad