Type Here to Get Search Results !

Bottom Ad

വക്കീലിന്റെ വഞ്ചന: വക്കീലാപ്പീസിന് മുന്നില്‍ വീട്ടമ്മയുടെ കഞ്ഞിവെപ്പ് സമരം


കൊല്ലം (www.evisionnews.in): കോടതിയില്‍ നഷ്ടപരിഹാരത്തിനു കേസ് ഫയല്‍ ചെയ്യാതെ വഞ്ചിച്ച വക്കീലിന്റെ ഓഫീസിനു മുന്നില്‍ വാഹനാപകടത്തില്‍ ഭര്‍ത്താവും മകനും നഷ്ടപ്പെട്ട വീട്ടമ്മ കഞ്ഞിവച്ചു പ്രതിഷേധിച്ചു. പ്രശ്‌നം ഗുരുതരമാകുമെന്നറിഞ്ഞതോടെ അഭിഭാഷകര്‍ ഭീഷണി മുഴക്കിയും ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വീട്ടമ്മയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ശ്രമം വിഫലമായി. 

വെള്ളിയാഴ്ച രാവിലെ 11നു കൊല്ലം കലക്ടറേറ്റിനു സമീപം, അഡ്വ. കല്ലട പി. അര്‍ജുനന്റെ ഓഫീസിനു മുന്നിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇരവിപുരം ചാലുമൂട് തെക്കേതില്‍ പെന്നേത്ത് വീട്ടില്‍ വസന്തകുമാരിയാണു വക്കാലത്തേല്‍പിച്ച വക്കീലിനെതിരേ പ്രത്യക്ഷസമരവുമായി രംഗത്തുവന്നത്. ഇവരുടെ ഭര്‍ത്താവ് വാസുവും മകന്‍ സാജനും 2002 ഡിസംബര്‍ 20നു രാത്രി 8.30നു പള്ളിമുക്കിനു സമീപമുള്ള വെണ്ടര്‍മുക്കിലുണ്ടായ വാഹനാപകടത്തിലാണു മരിച്ചത്. കെ.എസ്.ആര്‍.ടി.സി. ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കാല്‍നടയാത്രികരടക്കം അഞ്ചുപേര്‍ മരിച്ചു. ഓട്ടോയില്‍ സഞ്ചരിച്ച വസന്തകുമാരിയുടെ ഭര്‍ത്താവും മകനും തല്‍ക്ഷണം മരിച്ചു. ബന്ധു ഉണ്ണിക്കൃഷ്ണനു ഗുരുതരപരുക്കേറ്റു. 

മരണാനന്തരച്ചടങ്ങുകള്‍ നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ അഡ്വ. അര്‍ജുനനും ജൂനിയറായ അഡ്വ. വി.വി. ശ്യാമും വീട്ടിലെത്തി കേസിന്റെ വക്കാലത്ത് നിര്‍ബന്ധിച്ച് ഒപ്പിടീക്കുകയായിരുന്നെന്നു വസന്തകുമാരി പറഞ്ഞു. കൊല്ലം എം.എ.സി.ടി. കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് അറിയിച്ചശേഷം പലപ്പോഴായി അഭിഭാഷകന്‍ അരലക്ഷത്തിലധികം രൂപ വാങ്ങിയെടുത്തതായും ഇവര്‍ ആരോപിച്ചു. തുടര്‍ന്നു പരാതി ഒന്നുകൂടി നല്‍കണമെന്നാവശ്യപ്പെട്ട്, ഒന്നുമെഴുതാത്ത ബോണ്ട് കടലാസുകളില്‍ ഒപ്പിട്ടുവാങ്ങി. കോടതിയില്‍ ആരും വരേണ്ടന്നും നഷ്ടപരിഹാരത്തുക വീട്ടിലെത്തിക്കാമെന്നുമായിരുന്നു വാഗ്ദാനം. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ക്കു നഷ്ടപരിഹാരത്തുക ലഭിച്ചില്ല. 

ഇതോടെ വസന്തകുമാരിയും മകള്‍ വി. സന്ധ്യയും കൊല്ലം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിനും സെക്രട്ടറിക്കും പരാതി നല്‍കി. എന്നാല്‍, അര്‍ജുനന്‍ വക്കീലിനെതിരേ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടിയെന്നു സന്ധ്യ പറഞ്ഞു. തുടര്‍ന്നാണു വസന്തകുമാരിയും മകളും വക്കീല്‍ ഓഫീസിനു മുന്നില്‍ കഞ്ഞിവച്ചു പ്രതിഷേധിച്ചത്. അഭിഭാഷകര്‍ എത്തി ഭീഷണിപ്പെടുത്തിയെങ്കിലും ഇവര്‍ പിന്തിരിഞ്ഞില്ല. സംഭവം കൈയാങ്കളിയാകുമെന്നു കണ്ടതോടെ പോലീസില്‍ പരാതിപ്പെട്ടു. പോലീസെത്തി ചര്‍ച്ചകള്‍ നടത്തിയതിനേത്തുടര്‍ന്ന്, അര്‍ജുനന്‍ 2002ല്‍ കേസിന്റെ വക്കാലത്ത് ഏറ്റെടുത്തതായും 2016ല്‍ വക്കാലത്ത് ഒഴിഞ്ഞതായും മാതൃഭാഷയില്‍ എഴുതി ഒപ്പിട്ടുനല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവരുടെ ആവശ്യം അഭിഭാഷകര്‍ അംഗീകരിച്ചില്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ശനിയാഴ്ച ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന് വസന്തകുമാരിയുടെ മരുമകന്‍ സിമോദ് പറഞ്ഞു.


Keywords; Kerala-kollam-advct-news-office
Tags

Post a Comment

0 Comments

Top Post Ad

Below Post Ad