Type Here to Get Search Results !

Bottom Ad

സമ്പൂര്‍ണ്ണ വൈദ്യുതീകരണം; ജില്ലയില്‍ അവലോകന യോഗം ചേര്‍ന്നു


കാസര്‍കോട്.(www.evisionnews.in)ജില്ലയില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഊര്‍ജ്ജവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലയില്‍ മണ്ഡലം തലത്തിലും പഞ്ചായത്ത് തലത്തിലും നടന്ന യോഗങ്ങളുടെ റിപ്പോര്‍ട്ട് വൈദ്യുത വകുപ്പിന്റെ പ്രാദേശിക തലത്തിലെ അവലോകന റിപ്പോര്‍ട്ട്, ജനപ്രതിനിധികളുടെ സമഗ്ര പഠനങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.

ജില്ലയില്‍ 4924 ഭവനങ്ങളാണ് വൈദ്യുതീകരിക്കാന്‍ ബാക്കിയുളളതെന്ന് ജില്ലാ ഭരണകൂടം യോഗത്തില്‍ വ്യക്തമാക്കി. ജില്ലയുടെ ചുമതലയുളള മന്ത്രി ചെയര്‍മാനും ജില്ലാ കളക്ടര്‍ കണ്‍വീനറുമായ സമിതി ജില്ലാ തലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ മേല്‍നോട്ടം വഹിക്കണമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്ത് നഗരസഭ തലത്തില്‍ അതത് പഞ്ചായത്ത് പ്രസിഡണ്ടുമാരും നഗരസഭ ചെയര്‍മാന്‍മാരുമായിരിക്കും സമിതിയുടെ അദ്ധ്യക്ഷന്മാര്‍. ജില്ലയിലെ എം പി, എം എല്‍ എ മാര്‍, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ പഞ്ചായത്ത്, യുവജന ക്ഷേമബോര്‍ഡ് തുടങ്ങിയവയുടെ പ്രതിനിധികള്‍ എന്നിവര്‍ കമ്മിറ്റിയില്‍ ഉണ്ടാകേണ്ടതാണ്. യോഗം ചേരാന്‍ ബാക്കിയുളള തദ്ദേശ സ്ഥാപനങ്ങള്‍ ഉടന്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ നടപടി കൈക്കൊളളണമെന്ന് മന്ത്രി പറഞ്ഞു. 

സെപ്റ്റംബര്‍ നാലിന് വാര്‍ഡ് തല സര്‍വ്വെ നടത്താനും ഒമ്പതിന് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും 20 ന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കാനും ആകണം. 25 ന് എസ്റ്റിമേറ്റ് എടുക്കണം. കോളനികളില്‍ എസ് സി, എസ് ടി പ്രൊമോട്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. 

എം പി, എം എല്‍ എ ഫണ്ടുകള്‍, അടിസ്ഥാന വികസന ഫണ്ട്, എസ് സി- എസ് ടി വികസന ഫണ്ട്, പഞ്ചായത്ത് വിഹിതം എന്നിവ മുഖേനയാണ് സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ തുക കണ്ടെത്തുന്നത്. ഏറ്റവും താഴെ തട്ടിലുളളവര്‍ക്കും വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുകയാണ് ഉദ്ദേശം എന്നതിനാല്‍ നമ്പറില്ലാത്ത വീടുകള്‍ക്ക് താല്‍ക്കാലിക നമ്പര്‍ നല്‍കിയും വൈദ്യുതീകരണം നടപ്പാക്കണം. ഇക്കാര്യത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ സത്വര ശ്രദ്ധയുണ്ടാകണം. 

ജില്ലയില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കുന്നതിന് ജില്ലാ ഭരണകൂടം അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലയുടെ ചുമതലയുളള റവന്യൂ വകുപ്പ് മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട നയമാണിത്. വനാന്തരങ്ങളിലും ഏറ്റവും ഉള്‍പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്കും വെളിച്ചം ലഭ്യമാക്കണം. കൃത്യമായ മോണിറ്ററിംഗും നടത്തണമെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ നിലവിലുളള വൈദ്യുതി പ്രശ്‌നങ്ങളും യോഗം അവലോകനം ചെയ്തു. 

എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുള്‍ റസാഖ്, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ ഡോ. വി ശിവദാസന്‍, എ ഡി എം കെ അംബുജാക്ഷന്‍, വൈദ്യുതി ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

keywords : complete-electricity-plan

Post a Comment

0 Comments

Top Post Ad

Below Post Ad