Type Here to Get Search Results !

Bottom Ad

ജീവനു ഭീഷണിയായി ചെര്‍ക്കള ജാല്‍സൂര്‍ പാതയില്‍ റോഡിലേക്ക് ചാഞ്ഞു മരങ്ങള്‍


മുള്ളേരിയ (www.evisionnews.in): ഏതു സമയത്തും മറിഞ്ഞുവീഴാവുന്ന നിലയില്‍ ചെര്‍ക്കള ജാല്‍സൂര്‍ പാതയില്‍ മരങ്ങള്‍ യാത്രക്കാരുടെ ജീവനുതന്നെ ഭീഷണിയാകുന്നു. ചെര്‍ക്കള മുതല്‍ ആദൂര്‍ വരെയാണ് റോഡിലേക്കു ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നത്. മഴക്കാലം തുടങ്ങിയതോടെ റോഡരികിലെ മരങ്ങള്‍ കടപുഴകി റോഡിലേക്കു വീഴാന്‍ തുടങ്ങിയിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ പത്തോളം സ്ഥലത്താണ് മരങ്ങള്‍ റോഡിലേക്കു വീണത്. 

ദിവസങ്ങള്‍ക്കു മുമ്പ് ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ മുമ്പിലേക്ക് കൂറ്റന്‍ അക്കേഷ്യ മരം കടപുഴകി വീണ് തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. മരങ്ങള്‍ക്കിടയിലൂടെ എച്ച്ടി, എല്‍ടി വൈദ്യുത കമ്പിയും കടന്നുപോകുന്നുണ്ട്. മരച്ചില്ലകള്‍ മുറിഞ്ഞു വീണ് വൈദ്യുതി ബന്ധം തടസ്സപ്പെടുന്നതും പതിവാണ്. ചെറിയ കാറ്റടിച്ചാല്‍ തന്നെ മരച്ചില്ലകള്‍ തട്ടി കാറഡുക്ക, മുളിയാര്‍ പഞ്ചായത്തുകളുടെ ഭൂരിഭാഗം പ്രദേശങ്ങളും പതിവായി ഇരുട്ടിലാവുകയാണ്. 

ഇതിനു പുറമെ തൂണുകളും കമ്പിയും തകര്‍ന്നു ലക്ഷങ്ങളുടെ നഷ്ടമാണ് വൈദ്യുതി ബോര്‍ഡിന് ഉണ്ടാകുന്നത്. അക്കേഷ്യ മരങ്ങളാണ് റോഡിലേക്കു വീഴുന്നതില്‍ ഏറെയും. വര്‍ഷങ്ങള്‍ക്കു മുമ്പു നട്ടുപിടിപ്പിച്ച ഈ മരങ്ങള്‍ ചുവട് ദ്രവിച്ചും കാറ്റില്‍ ഒടിഞ്ഞുമാണ് റോഡിലേക്കു വീഴുന്നത്. കഴിഞ്ഞവര്‍ഷം ബോവിക്കാനം ടൗണില്‍ മരം വീണു കൂലിപ്പണിക്കാരനായ യുവാവിനു പരുക്കേറ്റിരുന്നു. അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുനീക്കാന്‍ അതത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ അധികാരം നല്‍കിയിരുന്നെങ്കിലും ഒന്നും നടപ്പിലാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.


Keywords: Kasargod-news-mulleria-adhur-bus-tree





Post a Comment

0 Comments

Top Post Ad

Below Post Ad