മുള്ളേരിയ:(www.evisionnews.in) റോഡ് റീടാറിംഗ് ഫണ്ട് വകയിരുത്തിയിട്ടും നിര്‍മ്മാണ പ്രവര്‍ത്തനം നടത്താതെ അടുക്കം നിവാസികളെ വെല്ലുവിളിക്കുകയാണ് കാറഡുക്ക പഞ്ചായത്ത് അധികാരികള്‍. കാറഡുക്ക പഞ്ചായത്തിലെ പ്രധാന റോഡായ അടുക്കം-നീരൊളിപ്പാറ റോഡാണ് അശാസ്ത്രീയമായ ടാറിംഗിനെ തുടര്‍ന്ന് പൊട്ടിപൊളിഞ്ഞ് കിടക്കുന്നത്. കഴിഞ്ഞ തവണ റീടാറിംഗ് നടത്തിയപ്പോള്‍ ക്രമക്കേട് നടന്നിരുന്നു എന്നാരോപിച്ച് നാട്ടുകാര്‍ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം റോഡ് ഇനി റീടാറിംഗ് നടത്തില്ലെന്നുമാണ് പഞ്ചായത്ത് അസി.എഞ്ചിനീയറും സെക്രട്ടറിയും പറയുന്നത്. ഇതിനെ പിന്തുണക്കാന്‍ ഒരു വിഭാഗം പഞ്ചായത്ത് മെമ്പര്‍മാരുമുണ്ട്. 2014 ല്‍ ഈ റോഡ് പൂര്‍ണമായും തകര്‍ന്നപ്പോള്‍ ജില്ലാ പഞ്ചായത്ത് റീടാറിംഗിനായി 18 ലക്ഷം രൂപ അനുവദിച്ചിരുന്നു. രണ്ട് കിലോമീറ്ററോളം വരുന്ന ഈ റോഡ് കരാറുകാരന്‍ തന്റെ ലാഭം മാത്രം ലക്ഷ്യമാക്കി അശാസ്ത്രീയമായി ടാറിംഗ് നടത്തുകയായിരുന്നു. ഇത് വെറും മൂന്ന് മാസം കൊണ്ട് പൂര്‍ണമായും തകര്‍ന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ജില്ലാ പഞ്ചായത്തില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കരാറുകാരന്‍ വീണ്ടും നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ ചെറിയ അറ്റകുറ്റപണി നടത്തി. എന്നാല്‍ പിന്നീട് ഇത് വീണ്ടും തകര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സില്‍ പരാതിപ്പെടുകയായിരുന്നു. വിജിലന്‍സ് അന്വേഷണം നടത്തി ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കരാറുകാരനും ഉദ്യോഗസഥരും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഇതിനിടയില്‍ പൂര്‍ണമായും തകര്‍ന്ന് ഈ റോഡ് ഗതാഗത യോഗ്യമാക്കാന്‍ ഭരണ സമിതി വെറും രണ്ട് ലക്ഷം രൂപ അറ്റകുറ്റപണിക്കായി അനുവദിച്ചത്. ഏങ്കിലും ഈ തുക വിജിലന്‍സ് കേസ് നിലവിലുള്ളതിനാല്‍ റോഡിന് വേണ്ടി ചിലവഴിക്കാന്‍ കഴിയില്ലെന്നതാണ് പഞ്ചായത്ത് അസി. എഞ്ചിനീയറുടെയും സെക്രട്ടറിയുടേയും പഞ്ചായത്ത് മെമ്പറുടെയും വാദം. കേസില്‍ കുടുങ്ങിയ തങ്ങളുടെ സഹപ്രവര്‍ത്തകരെ രക്ഷിക്കാനാണ് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയപ്പോഴുണ്ടായ ക്രമക്കേട് ജില്ലാ പഞ്ചായത്തിനോട് സൂചിപ്പിക്കാന്‍ പോലും പഞ്ചായത്ത് ഭരണ സമിതി താത്പര്യം കാണിക്കാത്തതും ഇതിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. അതോടൊപ്പം ഫണ്ട് വകയിരുത്തിയിട്ടും പദ്ധതി നടപ്പിലാക്കുന്നതില്‍ തന്റെ കഴിവില്ലായ്മ മറച്ചുവെക്കാന്‍ ഒരു മെമ്പര്‍ പദ്ധതി പ്രദേശത്ത് വിജിലന്‍സ് കേസുള്ളതിനാല്‍ റോഡ് പണി എടുക്കാന്‍ സാധിക്കുന്നില്ലെന്ന് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. റോഡ് പണിയെടുക്കുന്നതിന് ഒരു തടസവും വിജിലന്‍സ് അധികൃതര്‍ പഞ്ചായത്തിനെ രേഖാമൂലമോ നേരിട്ടോ അറിയിച്ചിട്ടില്ലെന്നാണ് വിജിന്‍സ് വിഭാഗം പറയുന്നത്. വിജിലന്‍സ് അന്വേഷണം നടത്തുന്ന റോഡില്‍ നടപടി ക്രമങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ അവിടെ മറ്റ് ജോലികള്‍ നടത്താന്‍ പാടില്ലെന്ന് രേഖാമൂലം അറിയിക്കാറുണ്ടെന്നും എന്നാല്‍ ഈ റോഡിനെ സംബന്ധിച്ച് ഇത്തരത്തിലൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്നും വിജിലന്‍സ് ഡി വൈ എസ് പി പറഞ്ഞു. ബോര്‍ഡ് സ്ഥാപിച്ച് തനിക്ക് വോട്ട് നല്‍കി വിജയിപ്പിച്ച ബഹുഭൂരിപക്ഷത്തിന് നേരം നോക്കി കൊഞ്ഞനം കുത്തുകയാണ് ഭരണ പക്ഷത്തെ ഒരു പഞ്ചായത്ത് മെമ്പര്‍. ഈ റോഡിന് ഡ്രൈനേജ് നിര്‍മ്മിക്കുന്നതിനായി കഴിഞ്ഞ ഭരണ സമിതി രണ്ടര ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും അത് ഉപയോഗിക്കാനും പഞ്ചായത്ത് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. മുള്ളേരിയ ടൗണ്‍ മുതലാണ് ഡ്രൈനേജ് നിര്‍മ്മിക്കേണ്ടത്. എന്നാല്‍ ഈ നിര്‍മ്മാണം ആരംഭിച്ചാല്‍ അത് തങ്ങളുടെ പാര്‍ട്ടി ഓഫീസിനെ വരെ ബാധിക്കും എന്നതുകൊണ്ട് നിര്‍മ്മാണം നടത്താത്തതെന്നും പറയപ്പെടുന്നു. പഞ്ചായത്തിലെ പ്രധാന ക്ഷേത്രവും കാറഡുക്ക സ്‌കൂളും സ്ഥിതി ചെയ്യുന്നത് ഈ റോഡിന്റെ സമീപത്താണ്. നിത്യേത പത്തോളം ബസ്സുകളും നൂറ് കണക്കിന് വാഹനങ്ങളും ഇതുവഴി സര്‍വ്വീസ് നടത്തുന്നുണ്ട്. എന്റോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ പഠിക്കുന്ന ബഡ്‌സ് സ്‌കൂളും ഈ റോഡിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. മഴക്ക് മുമ്പ് റോഡ് അറ്റകുറ്റ പണി ആരംഭിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിന് തയ്യാറായിരിക്കുകയാണ് പ്രദേശവാസികള്‍.

Post a Comment
0 Comments