ദുബായ്: (www.evisionnews.in) കൊടും ചൂടു മൂലം നാളെ മുതല്‍ യുഎഇയില്‍ ഉച്ചസമയത്തു തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം നിര്‍ബന്ധിതമാക്കി. ഉച്ചക്ക് പന്ത്രണ്ടര മുതല്‍ മൂന്ന് വരെയാണ് വിശ്രമസമയം. വ്യവസ്ഥ പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുമെന്നു യുഎഇ മനുഷ്യവിഭവശേഷി സ്വദേശിവല്‍കരണ മന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബര്‍ പതിനഞ്ച് വരെ ആണ് വിശ്രമം അനുവദിക്കുക.
കൊടുംചൂടില്‍നിന്നു വെളിമ്പ്രദേശത്തു ജോലി ചെയ്യുന്നവരെ രക്ഷിക്കാനാണ് നിര്‍ബന്ധിത വിശ്രമം ഏര്‍പ്പെടുത്തുന്നത്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന വിധത്തിലുള്ള ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് ഉച്ചവിശ്രമം അനുവദിക്കുക. ഉച്ചവിശ്രമം പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ പതിനെട്ടു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ യുഎഇയിലെമ്പാടും പരിശോധന നടത്തും.
വൈദ്യുതി, കുടിവെള്ളവിതരണം തുടങ്ങിയ മേഖലകളില്‍ അടിയന്തരഘട്ടങ്ങളില്‍ നിരോധിത സമയത്തും ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികള്‍ക്ക് ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും യുഎഇ മനുഷ്യവിഭവശേഷി മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഉച്ചവിശ്രമനിയമം അനുസരിച്ച് രാത്രിയിലും പകലുമായി ജോലി സമയം പുന:ക്രമീകരിക്കണം എന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പുന:ക്രമീകരിക്കുമ്പോള്‍ ജോലി സമയം എട്ട് മണിക്കൂറില്‍ കൂടാന്‍ പാടില്ല. അധികസമയം ജോലി ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധമായും ഓവര്‍ടൈം നല്‍കുകയും വേണം. ഉച്ചവിശ്രമനിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് തൊഴിലാളി ഒന്നിന് അയ്യായിരം ദിര്‍ഹം എന്ന രീതിയില്‍ പിഴ ഒടുക്കേണ്ടിവരും. പരമാവധി അന്‍പതിനായിരം ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക.
Keywords: UAE-Employees-noon-free-time

Post a Comment
0 Comments