കണ്ണൂര്‍ (www.evisionnews.in): വി.എസ് പാര്‍ട്ടി വരുദ്ധനാണെന്ന പ്രമേയം നിലനില്‍ക്കുന്നതാണെന്ന പിണറായി വിജയന്റെ പരാമര്‍ശത്തിന്റെ വിവാദം രാഷ്ട്രീയ കേരളത്തില്‍ കത്തിനില്‍ക്കുന്നതിനിടെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായിക്ക് വേണ്ടി വോട്ടുചോദിക്കാന്‍ ധര്‍മ്മടം മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ എത്തി. വ്യാഴാഴ്ച ധര്‍മ്മടം മണ്ഡലത്തിലെ ചക്കരക്കല്ലിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് വി.എസ് ആദ്യം സംബന്ധിച്ചത്. എന്നാല്‍ റാലിയില്‍ പിണറായി വിജയന്‍ ഉണ്ടായിരുന്നില്ല. കൊല്ലം ജില്ലയിലെ എല്‍.ഡി.എഫ് പ്രചാരണ പരിപാടികളിലാണ് അദ്ദേഹമിപ്പോള്‍.
വി.എസ് വടക്കുനിന്നും തെക്കോട്ടും പിണറായി തെക്കുനിന്നും വടക്കോട്ടുമാണ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കുന്നത്. ധര്‍മ്മടം കൂടാതെ കൂത്തുപറമ്പ്, കണ്ണൂര്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിലും വി.എസ് പങ്കെടുക്കും. പിണറായിയുടെ പരാമര്‍ശം വിവാദമായതോടെ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന ന്യായീകരണവുമായി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ വി.എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്ചത്തെ പ്രചാരണ പരിപാടികള്‍ക്കു മുന്നോടിയായി ബുധനാഴ്ച രാത്രി കണ്ണൂരിലെത്തിയ വി.എസിനോട് മാധ്യമങ്ങള്‍ ഇക്കാര്യം ചോദിച്ചെങ്കിലും അദ്ദേഹം മറുപടിയൊന്നും പറയാതെ ധര്‍മ്മടത്തെ ചക്കരക്കല്ലിലേക്ക് തിരിക്കുകയായിരുന്നു.
Post a Comment
0 Comments