കാസര്‍കോട്:(www.evisionnews.in) ഉദുമ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മുൻ എം പി കെ. സുധാകരന്‍ മത്സരിക്കുമെന്ന് ഉറപ്പായി. ഞാറാഴ്ച ഡി.സി.സി ഓഫീസില്‍ നടന്ന ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡണ്ടുമാര്‍, മണ്ഡലം പ്രസിഡണ്ടുമാര്‍ എന്നിവരുടെയും സംയുക്തയോഗത്തില്‍ കെ. സുധാകരന്‍ പങ്കെടുത്തു. ഇതിന് ശേഷം ഉദുമ നിയോജക മണ്ഡലത്തില്‍പെട്ട ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടുമാരുടെയും ഡി.സി.സി ഭാരവാഹികളുടെ പ്രത്യേക യോഗവും ചേര്‍ന്നു. കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ സുധാകരനോട് ഉദുമയില്‍ മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചതായറിയുന്നു.
സുധാകരന്റെ ഗരിമയോടെയുള്ള പ്രചാരണത്തില്‍ മാര്‍ക്‌സിസ്റ്റ് പ്രതീക്ഷകള്‍ മൂക്കുകുത്തി വീഴുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. സുധാകരന്റെ വരവില്‍ മണ്ഡലത്തില്‍ ശക്തരായ മുസ്ലിം ലീഗും അതിരറ്റ ആഹ്ലാദത്തിലാണ്. മാര്‍ക്‌സിസ്റ്റ് മേല്‍ക്കോയ്മ തകര്‍ക്കണമെന്നാണ് ലീഗിന്റെയും ആവശ്യം.
സിഐടിയു സംസ്ഥാന സെക്രട്ടറികൂടിയായ പി രാഘവനും യുവ സിപിഎം നേതാവ് കെ.വി കുഞ്ഞിരാമനും രണ്ടു തവണ വീതം നിയമസഭയെ പ്രതിനിധീകരിച്ച ശേഷമാണ് നിലവില്‍ എംഎല്‍എയായ കെ കുഞ്ഞിരാമന്‍ 2011ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വീണ്ടും പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ സികെ ശ്രീധരനെ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിലെ എന്‍.കെ ബാലകൃഷ്ണനും കെപി കുഞ്ഞിക്കണ്ണനും ഉദുമയിലൂടെയാണ് നിയമസഭയിലെത്തിയത്. ഇടക്കൊരിക്കല്‍ കോണ്‍ഗ്രസ് വിമതനായി രംഗത്ത് വന്ന എം കുഞ്ഞിരാമന്‍ നമ്പ്യാരെ സിപിഎം ജയിപ്പിച്ച് വിട്ട ചരിത്രവും അതേ കുഞ്ഞിരാമന്‍ നമ്പ്യാരെ തോല്‍പിച്ച ചരിത്രവും മണ്ഡലത്തിനുണ്ട്. ജില്ലയിലെ പ്രമുഖ അഭിഭാഷകന്‍ കെ പുരുഷോത്തമനും രണ്ടു തവണ മണ്ഡത്തെ പ്രതിനിധീകരിച്ചു. ഒരിക്കല്‍ മുസ്ലിംലീഗിലെ പി മുഹമ്മദ് കുഞ്ഞി മാസ്റ്ററും ബിജെപിയുടെ സ്ഥാപക നേതാവ് കെജി മാരാരും മണ്ഡലത്തില്‍ പൊരുതി തോറ്റവരാണ്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദീഖിന് പി കരുണാകരന്‍ എംപിയെക്കാള്‍ മണ്ഡലത്തില്‍ 835 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു. ഈ നേരിയ മുന്നേറ്റം ഉയര്‍ത്തിക്കാട്ടിയാണ് മണ്ഡലം ഇക്കുറി യുഡിഎഫ് പിടിച്ചെടുക്കുമെന്ന് കോണ്‍ഗ്രസും മുസ്ലിംലീഗും പെരുമ്പറയടിക്കുന്നത്.
ദേലംപാടിയും ബേഡകവും കുറ്റിക്കോലും പള്ളിക്കരയും പുല്ലൂര്‍-പെരിയയും സിപിഎം പഞ്ചായത്തുകളാണ്. ഉദുമയില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണ്. മുളിയാറില്‍ നറുക്കെടുപ്പിലൂടെയാണ് മുസ്ലിം ലീഗിന് പഞ്ചായത്ത് പ്രസിഡണ്ട് പദം ലഭിച്ചത്. ചെമ്മനാട് പഞ്ചായത്താണ് യുഡിഎഫിന്റെ മണ്ഡലത്തിലെ ശക്തി കേന്ദ്രം.

Post a Comment
0 Comments