കാസര്‍കോട്:(www.evisionnews.in)നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും ബന്ധപ്പെട്ടവരും മാധ്യമങ്ങളില്‍ അനുകൂലമായി പ്രതിഫലം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും കര്‍ശനമായി നിരീക്ഷിക്കാന്‍ ജില്ലാതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിച്ചു. നിരീക്ഷണം ശക്തമാക്കാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മീഡിയാ സെന്ററില്‍ സംവിധാനമൊരുക്കാന്‍ സമിതിയുടെ പ്രഥമ യോഗത്തില്‍ തീരുമാനമായി. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍ കണ്‍വീനറും സബ് കളക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ ലോ ഓഫീസര്‍ എം സീതാരാമ, ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍,റിട്ട കോളേജിയേറ്റ് എജ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫസ്സര്‍ വി ഗോപിനാഥന്‍ എന്നിവരുള്‍പ്പെട്ടതാണ് ജില്ലാതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി.
പെയ്ഡ് ന്യൂസ് തടയുന്നതിനും സാമൂഹിക മാധ്യമങ്ങളിലൂടെയും എസ് എം എസ് ലൂടെയും നടത്തുന്ന പ്രചരണങ്ങള്‍ നിരീക്ഷിക്കാനും സമിതി നടപടി സ്വീകരിക്കും. പത്രദൃശ്യമാധ്യമങ്ങളില്‍ പരസ്യങ്ങള്‍ക്ക് അനുമതിപത്രം നല്‍കുന്നതും ഈ സമിതിയുടെ ചുമതലയാണ്. വിവിധ ടെലിവിഷന്‍ ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍, പരസ്യങ്ങള്‍, തെരെഞ്ഞെടുപ്പ് സംബന്ധമായ ഫീച്ചറുകള്‍ എന്നിവ കര്‍ശനമായ നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ പി മഹാദേവകുമാര്‍, സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment
0 Comments