Type Here to Get Search Results !

Bottom Ad

തിരുവനന്തപുരം കല്ലമ്പലത്ത് ഗുണ്ടയുടെ കുത്തേറ്റ് യുവാവ് മരിച്ചു


തിരുവനന്തപുരം (www.evisionnews.in): ക്ഷേത്ര ഉത്സവ സ്ഥലത്ത് ഗുണ്ടയുടെ കുത്തേറ്റ് യുവാവ് മരിച്ചു. ഞെക്കാട് പാലവിള വീട്ടില്‍ പരേതനായ തുളസീധരന്‍ -ലതികാമണി ദമ്പതികളുടെ മകന്‍ ദീപു (30) വാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കല്ലമ്പലം ചെമ്മരുതി അക്കരമംഗലം ക്ഷേത്രത്തിന് സമീപത്താണ് സംഭവം. കൊലപാതകത്തിനുശേഷം ഓടി രക്ഷപ്പെട്ട ഞെക്കാട് ചിറപ്പാട് അശോകാലയത്തില്‍ അജിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ഗുണ്ടയുമാണ്.

ഒരാഴ്ചയായി ഉത്സവം നടന്നുവരുന്ന ഇവിടെ നാടകം സമാപിച്ചശേഷം ക്ഷേത്ര പരിസരത്ത് നില്‍ക്കുകയായിരുന്നു ദീപുവും സുഹൃത്തുക്കളും. ഇതിനിടെ ക്ഷേത്രത്തിന് സമീപത്തെത്തിയ അജി തൊട്ടടുത്തുള്ള ഒരു വീടിന്റെ ഗേറ്റ് ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുകയും ബഹളംവെക്കുകയും ചെയ്തു. ബഹളം കേട്ട് ഉത്സവ സ്ഥലത്തുനിന്നും ദീപുവും സുഹൃത്തുക്കളായ ചിലരും അവിടേക്ക് ഓടി. ആദ്യമെത്തിയ ദീപുവിനെ കത്തിയുമായി നില്‍ക്കുകയായിരുന്ന അജി കുത്തിവീഴുത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

ഇരുളില്‍ ഓടി മറഞ്ഞ അജിയെ പിന്തുടര്‍ന്ന സുഹൃത്തുക്കളും നാട്ടുകാരും അരകിലോമീറ്റര്‍ അകലെനിന്ന് ഇയാളെ പിടികൂടി. വിവരമറിഞ്ഞെത്തിയ കല്ലമ്പലം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും നാട്ടുകാരില്‍ ചിലരുടെ മര്‍ദ്ദനമേറ്റ് അവശനായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അജിയെ പൊലീസിന് കൈമാറിയശേഷം ദീപുവിനെ അന്വേഷിക്കുമ്പോഴാണ് വാരിയെല്ലിന് കുത്തേറ്റനിലയില്‍ രക്തം വാര്‍ന്ന് റോഡില്‍ കിടക്കുന്നത് കണ്ടത്.

നാട്ടുകാര്‍ ദീപുവിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വടശേരിക്കോണത്തെ പി ആന്‍ഡ് ജെ മാര്‍ബിള്‍സില്‍ ഡ്രൈവറാണ് ദീപു. ആറ്റിങ്ങല്‍ ഐ.ടി.ഐയില്‍ വിദ്യാര്‍ത്ഥിനിയായ രേഷ്മയാണ് ഭാര്യ. മൂന്നുമാസം മുമ്പായിരുന്നു വിവാഹം. സഹോദരി: ദീപ. കല്ലമ്പലം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


Keywords: news-murder-case-kallambalam
Tags

Post a Comment

0 Comments

Top Post Ad

Below Post Ad