Type Here to Get Search Results !

Bottom Ad

എല്ലാ വീടുകളിലും ഇന്റര്‍നെറ്റ്: കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കാന്‍ പുതിയ പദ്ധതി


തിരുവനന്തപുരം (www.evisionnews.in): ഡിജിറ്റല്‍ കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ മുഴുവന്‍ ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ആസ്ഥാനങ്ങളിലും ഡെഡിക്കേറ്റഡ് ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍വഴി ഇന്റര്‍നെറ്റ് എത്തിക്കാന്‍ പുതിയ പദ്ധതി. ഇതോടെ എല്ലാ വീടുകളിലും ആവശ്യപ്പെടുന്ന സ്ഥാപനങ്ങളിലും 220 എം.ബി.പി.എസ് സ്പീഡില്‍ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാകും. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയുള്ള ജില്ലയായി ഇടുക്കി മാറിയതിനു പിന്നാലെയാണ് സംസ്ഥാനത്തെ എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് എത്തുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് സംസ്ഥാനത്തും പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ട ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ ഭാരത്‌നെറ്റ് എന്നപേരില്‍ രാജ്യത്തെ രണ്ടരലക്ഷത്തോളം ഗ്രാമപഞ്ചായത്തുകളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന ആസ്ഥാനത്തുനിന്നും പതിനാല് ജില്ലാ ആസ്ഥാനങ്ങളെയും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളെയും ഡെഡിക്കേറ്റഡ് ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍വഴി ബന്ധിപ്പിക്കാനാണു തീരുമാനം.

മൂന്നുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണു ഉദ്ദേശിക്കുന്നത്. പദ്ധതി നടത്തിപ്പിനായുള്ള കണ്‍സള്‍ട്ടന്‍സിയെ നിശ്ചയിക്കുന്നതിനു സംസ്ഥാന ഐ.ടി മിഷന്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പദ്ധതിയുടെ അന്തിമരൂപരേഖ തയാറാക്കുന്നതിനുള്ള ഉത്തരവാദിത്തവും തെരഞ്ഞെടുക്കപ്പെടുന്ന കണ്‍സള്‍ട്ടന്റിനായിരിക്കും. പദ്ധതി നടത്തിപ്പിനായി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കാനാണു സര്‍ക്കാര്‍ തീരുമാനം. നാഷണല്‍ ഒപ്ടിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്കിന്റെ പൈലറ്റ് പദ്ധതി എന്നനിലയില്‍ കഴിഞ്ഞവര്‍ഷം ജനുവരിയിലാണു ഇടുക്കിയിലെ എട്ട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളും അമ്പത്തിരണ്ട് ഗ്രാമപഞ്ചായത്തുകളും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിവഴി ബന്ധിപ്പിച്ചത്.

അതേസമയം നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം ജില്ലയിലെ 480 സര്‍ക്കാര്‍ ഓഫീസുകളെ ഒപ്ടിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് വഴി ബന്ധിപ്പിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad