കാസര്‍കോട്:(www.evisionnews.in) മുസ്ലിം ലീഗ് നേതൃനിരയിലെ ശ്രദ്ധേയനായ യുവനേതാവ് കരീം കൂണിയ സജീവ രാഷ്ട്രീയം മതിയാക്കുന്നതായി ഗള്‍ഫില്‍ നിന്നും ഫെയ്‌സ്ബുക്ക് പോസ്റ്റ്.എം.എസ്.എഫിലൂടെയാണ് കരീം ജില്ലയിലെ രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിക്കുന്നത്.ലീഗിനുള്ളില്‍ ഒരു വേറിട്ട ചിന്താശൈലി ഉയര്‍ത്തിപ്പിടിച്ചതിലൂടെയാണ് ഇദ്ദേഹം കൂടുതല്‍ ശ്രദ്ധേയനാവുന്നത്. നവമാധ്യമങ്ങളിലും കരീം പറയുന്നത് അറിയാനും കാണാനും ഒട്ടേറെ പേരുണ്ട്. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്ത് പെരിയ ഡിവിഷനില്‍ സി.പി.എമ്മിലെ ഡോ.വി.പി.പി മുസ്തഫയെ നേരിടാന്‍ യു.ഡി.എഫ് കളത്തിലിറക്കിയത് കരീമിനെയായിരന്നു. പരാജയം ഏറ്റ് വാങ്ങിയപ്പോഴും ആരോടും പരിഭവം ഇല്ലാതെ കരീം ഒടുവില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം മതിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എം.എസ്.എഫിലായിരിക്കെ മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ലക്ക് തുറന്ന കത്തയച്ച് നേതൃത്വത്തെ ചോദ്യം ചെയ്തതും കോഴ നിയമനം ആരോപിച്ച് മുസ്ലിം ലീഗ് നേതാവിന്റെ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയും താന്‍ മുസ്ലിം ലീഗിലെ വെറും കരീം അല്ലെന്നും വ്യത്യസ്തനായ ഒരു കരീമാണെന്നും പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയതും അക്കാലത്ത് വന്‍ വിവാദം ആയിരുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പ്രിയപ്പെട്ടവരെ ,
ഒടുവില്‍ ഞാന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു ...
അന്നം തേടി,
പ്രവാസത്തിന്റെ വഴിയെ ..
ഒരു ശരാശരി മലയാളിയുടെ ജീവിതയാത്രയിലെ ഒടുവിലത്തെ പ്രതീക്ഷയും അഭയസ്ഥാനവും ...
കഴിഞ്ഞ രണ്ട് മാസം ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനമെടുക്കാന്‍ മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു .. ജീവിതത്തിന്റെ കണക്കുപുസ്തകത്തിലെന്നും നഷ്ടങ്ങള്‍ മാത്രമായിരുന്നവന് ,ഒടുവില്‍ അതിനോട് ചേര്‍ത്തുവെക്കാന്‍ പ്രവാസവും ... പിന്നിട്ട യാത്രയില്‍ ഒാര്‍ത്തുവെക്കാനായി ഒന്നുമില്ല . ഒന്നിലും പൂര്‍ണ്ണത കണ്ടെത്താന്‍ കഴിയാതിരുന്നവന്റെ പതിവു രീതിയല്ലിത് .. അരെങ്കിലുമൊക്കെ ആകണമെന്ന് മോഹിച്ച് ഒന്നും ആകാന്‍ കഴിയാതെ പോയവന്റെ വിലാപവുമല്ല . അന്നും ഇന്നും ഒരു നല്ല മനുഷ്യനാകാന്‍ കഴിയാതെ പോയവന്റെ ദുഃഖം മറച്ചുവെക്കുന്നില്ല .
ആദര്‍ശം എന്നത് ജീവിതത്തോട് ചേര്‍ത്തുപിടിക്കാനുള്ളതല്ല ,വേദികളില്‍ പ്രസംഗിക്കാന്‍ മാത്രമുള്ളതാണെന്ന് പലരും ഉപദേശിക്കുമായിരുന്നു . സി എച്ച് മുഹമ്മദ് കോയ എന്ന ഇതിഹാസം വായിച്ചു
തള്ളാനുള്ള പുസ്തകങ്ങളില്‍ ഒന്നായിരുന്നില്ല. ആ ജീവിതം ആവേശമായിപോയവന് രാഷ്ട്രീയത്തെ ഉപജീവന മാര്‍ഗ്ഗമായി തെരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ല ,പുതിയ കാലത്തെ മുതല്‍മുടക്കില്ലാത്ത ഏറ്റവും നല്ല ബിസ്സിനസ് ആയിരുന്നിട്ട് പോലും ...
കയ്യിലുള്ളത് തീരുമ്പോള്‍ കടം വാങ്ങിയും കടം വാങ്ങിയത് തീരുമ്പോള്‍ പട്ടിണി കിടന്നും നടന്നവന്റെ കൂടെ നടക്കാന്‍ ഒരുപാട് പേരൊന്നുമുണ്ടായിരുന്നില്ല ... മലര്‍ന്നടിച്ച് വീഴുമ്പോള്‍ താങ്ങിയെടുക്കാനും നേരെ നിര്‍ത്തി പിന്നെയും വഴിനടത്താനും യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ കെ ബി എം ഷെരീഫ് കാപ്പിലിനെ പോലെ വളരെ ചുരുക്കം ചില ആത്മ
സുഹൃത്തുക്കള്‍ മാത്രം ....
തേനില്‍ പുരട്ടിയ വാക്കുകള്‍
ഉരുവിട്ടവരൊക്കെയും
വഴിമാറി നടക്കാനായിരുന്നു ശ്രമിച്ചത് ..
കാലിടറി വീണുപോയവനെ ആഞ്ഞുചവിട്ടാനായിരുന്നു തിടുക്കമുണ്ടായത് .. ഒന്ന് ചീഞ്ഞാലല്ലേ മറ്റൊന്നിന് വളമാകൂ..
22 വര്‍ഷം നീണ്ടു നിന്ന വിശ്രമമറിയാത്ത സജീവ രാഷ്ട്രീയത്തിന് ഇവിടെ തിരശ്ശീല വീഴുന്നു ...
************************************
മുസ്ലീം ലീഗ് എന്നത് എനിക്ക് ചേരാനുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി ആയിരുന്നില്ല .. എന്റെ എല്ലാമെല്ലാമായിരുന്നു .. ഞാന്‍ എന്ന വ്യക്തിയില്‍ നിന്ന് മുസ്ലീം ലീഗിനെ കുറച്ചാല്‍ ഞാന്‍ പൂജ്യമാകുന്ന യാഥാര്‍ത്ഥ്യം .. ഈ യാത്രയില്‍ എന്നെപ്പേലെ വെറും ഒരു സാധാരണക്കാരന് നല്‍കാവുന്നതിനപ്പുറം അംഗീകാരം പാര്‍ട്ടി എനിക്ക് സമ്മാനിച്ചു ..
msf അന്നും ഇന്നും എന്റെ ഹൃദയ വികാരമാണ് .. പ്രിയപ്പെട്ട msf പ്രവര്‍ത്തകരെ , രണ്ട് വര്‍ഷം മുമ്പ് കാസര്‍കോട് ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പില്‍ ഞാന്‍ നിങ്ങളോട് പറഞ്ഞ വാക്ക് പാലിക്കുന്നു .. പണം എന്നെ പ്രലോഭിപ്പിച്ച് തുടങ്ങിയ ഈ സമയത്ത് ഞാന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. നമ്മുടെ പാര്‍ട്ടിയിലെ കള്ളനാകാതിരിക്കാന്‍ ... മണലും കൈക്കൂലിയും അഴിമതിയും കൊള്ളരുതായ്മകളുടെ ഇടനിലക്കാരായും അവര്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ വഴിയേ പടികള്‍ ചവിട്ടി കയറട്ടെ .. നാം അങ്ങിനെ ആയിക്കൂടാ..
ഒരു പൊതുപ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനും ഒരിക്കലും വ്യക്തികളോട് കടപ്പാടുണ്ടാകരുത് . പാര്‍ട്ടിയോടും സമൂഹത്തോടും മാത്രമാവണം .. നാവും കൈകളും ബന്ധിപ്പിക്ക്പെടുന്നത് കടപ്പാടുകളില്‍ നിന്നാണ് ... ശിരസ് കുനിഞ്ഞുപോകുന്നതും നെറികേടുകളോട് സമരസപ്പെടുന്നതും അപ്പോഴാണ് ...
*********************
ജഃ ഇബ്രാഹിം കുണിയ ജിവിതത്തില്‍ ഞാന്‍ കണ്ടറിഞ്ഞ അത്ഭുതമായിരുന്നു. അക്ഷരങ്ങളെ സ്നേഹിച്ച ആ മനുഷ്യന്റെ പ്രയത്നമാണ് ദേശീയ പാതക്കരികില്‍ ഉയര്‍ന്നു നില്‍ക്കുന്ന കുണിയ ഗവഃ സ്കൂള്‍ .. ഒരു പുരുഷായുസ്സ് മുഴുവന്‍ മുസ്ലീം ലീഗിനും നാടിനും വേണ്ടി സമര്‍പ്പിച്ച ത്യാഗി ... ചാരി നിന്നാല്‍ മണ്ണു പറ്റുന്ന സിമന്റു തേക്കാത്ത ചുമരും നിലവുമുള്ള ആ പഴയ വീട്ടിന്റെ ഉമ്മറപടിയില്‍ ഇരിക്കുമ്പോള്‍ ലഭിക്കുന്ന കുളിര്‍മ്മ ഒരു നേതാവിന്റെയും ശീതീകരിച്ച കാറില്‍ ഇരുന്നപ്പോള്‍ ഞാന്‍ അനുഭവിച്ചിട്ടില്ല .. ചിലപ്പോഴൊക്കെയും മധുരം പോലുമില്ലാത്ത കട്ടന്‍ ചായക്ക് ലഭിച്ച രുചി മറ്റൊരു നേതാവിന്റെയും സ്വീകരണ മുറിയില്‍ നിന്നു ലഭിച്ച ഒരു മില്‍ക്ക് ഷേക്കിനുമുണ്ടായിരുന്നില്ല .. ആ മനുഷ്യന്റെ മരണത്തോടെ അനാഥമായിപ്പോയത് എന്റെ നാട് മാത്രമല്ല അതിനേക്കാളേറെ ഞാനായിരുന്നു .. ആ മഹാത്മാവിന്റെ പിന്നാലെ തലയുയര്‍ത്തി പിടിച്ചു നടന്നവന് രാഷ്ട്രീയം കൊണ്ട് ജീവിക്കാനറിയില്ലായിരുന്നു ...
******************
സമ്പാദിക്കാനല്ല, അതിജീനത്തിനു വേണ്ടിയുള്ള ഈ യാത്ര ഹൃദയം പറിച്ചു നടുന്നത് പോലെയാണ് .. കാശില്ലാതെ ബാങ്കുകളില്‍ നിന്ന് തിരിച്ചയക്കുന്ന ചെക്കുകള്‍ക്ക് വഞ്ചനയുടെ മുഖം മാത്രമായിരുന്നില്ല .. ഒരു മനുഷ്യന്റെ ഏറ്റവും ദയനീയമായ ഗതികേടിന്റെ മുഖം കൂടിയുണ്ടെന്നത് തിരിച്ചറിയപ്പെടാതെ പോകുന്ന സത്യം മാത്രം .. പുല്ലൂര്‍ പെരിയ പഞ്ചായത്തിന്റെ സാരഥിയായി എത്തി പൂര്‍ത്തിയായ പൊതുമരാമത്ത് പ്രവര്‍ത്തിയുടെ മോണിറ്ററിങ്ങ് കഴിഞ്ഞ് ആദ്യത്തെ ഒപ്പിട്ടപ്പോള്‍ കവറിലിട്ട് ചുരുട്ടി എനിക്കു നേരെ നീട്ടിയ പണം നിലനില്‍ക്കുന്നതും തുടര്‍ന്നുപോരുന്നതുമായ ഒരു വ്യവസ്ഥിതിയുടെ ഭാഗം മാത്രമായിരുന്നു . ആ തിരസ്കരണം ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കാന്‍ കൂടിയാണീ പ്രവാസം ...
***************
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങി ഇസ്തിരി പൊളിയാത്ത ഡ്രസ്സും ധരിച്ചു സ്റ്റേജില്‍ കയറി ഇരിക്കാനും ഇളിക്കാനും പോലും ദിവസക്കൂലി വാങ്ങുന്ന നിങ്ങള്‍ എന്തിനാണ് എന്നെ ധിക്കാരിയെന്നും അഹങ്കാരിയെന്നും സോഷ്യല്‍ മീഡിയയില്‍ ജീവിക്കുന്നവനെന്നും പറഞ്ഞു നടന്നത് ...? ശരിക്കും മനസ്സ് വേദനിച്ചൂട്ടോ ....!!! അധികാരം അരക്കിട്ടുറപ്പിക്കാന്‍ വേണ്ടി മാത്രമാണോ മനുഷ്യ ജന്മം ...? അധികാരത്തിന്റ കയ്യിട്ടു വാരലിലും വീതംവെപ്പിലും സന്ധിചെയ്യലിലും അപശബ്ദമായി ഒരു നിഴല്‍ രൂപത്തില്‍ പോലും ഞാന്‍ വരില്ല ... മനുഷ്യ ജന്മം അധികാരത്തിനു വേണ്ടി സൃഷ്ടിച്ചതാണെന്ന് ആരാണ് നിങ്ങളെ പറഞ്ഞു പഠിപ്പിച്ചത് ....? പാതിവഴിയില്‍ ഉപേക്ഷിച്ചു പോകുന്ന സമരങ്ങള്‍ .., കൂടെ നിന്നവരേ മാപ്പ് . പോകാതിരിക്കാനാവില്ല ....
***************
ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു അധ്യാപക വേഷം .. ആ സ്വപനത്തെ ഞാന്‍ തന്നെ ആറടി മണ്ണില്‍ കുഴിച്ചു മൂടിയിട്ട് നാളേറെയായി .. പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുസ്ലീം ലീഗിന് സ്വന്തമായി ഒരു ഓഫീസ് , ഞാന്‍ മാത്രമല്ല എന്റെ പൂര്‍വ്വീകരും കണ്ട സ്വപ്നമായിരുന്നു .. രാഷ്ട്രീയ ജീവിതത്തിലെ ആ സ്വപ്നത്തിന്റെ പിന്നാലെ ഞാനുണ്ട് ., മുന്നിലല്ല , പിന്നിലായി .., ഇനി വരുന്ന തലമുറയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിരലു ചൂണ്ടാതിരിക്കാന്‍ ...
ഓട്ടപാച്ചില്‍ ആയിരുന്നു ഇക്കാലമത്രയും ...അര്‍ത്ഥ ശൂന്യമായ അലച്ചില്‍ ..വിശന്നു കരഞ്ഞുറങ്ങുന്ന മോളുടെ ദയനീയ മുഖമാവാം ജീവിതത്തിലെ തിരുത്തിന് പ്രേരിപ്പിച്ചത് ... അല്ലങ്കില്‍ ജന്മം നല്‍കിയവരുടെ കവിളിലൂടെ അദൃശ്യമായി ഒലിച്ചിറങ്ങിയ കണ്ണുനീരാവാം ... നനഞ്ഞുണങ്ങിയ കണ്ണുനീരിന്റെ സഞ്ചാര വഴികളില്‍ പ്രാര്‍ത്ഥിച്ചും പകച്ചു പോയും സ്വാന്തനിപ്പിച്ചും കരുത്ത് പകര്‍ന്നവര്‍, ഒടുവില്‍ നിരാശ സമ്മാനിക്കപ്പെട്ടപ്പോള്‍
വിധിയെ പഴിച്ചു....
നിറം കെട്ട കാഴ്ചകളായിരുന്നു ..... എല്ലാറ്റിനും ഒടുവില്‍ മരവിച്ച മനസ്സുമായി തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോള്‍ മറന്നുവെച്ച വാക്കും വരികളും മാത്രമാണിന്ന് കൂട്ട് ....
********************
നന്ദി ....
എല്ലാവരോടും ..,
കൂടെ നിന്നവര്‍ ,കുതികാല്‍ വെട്ടിയവര്‍ . സഹായിച്ചവര്‍ , സഹതപിച്ചവര്‍ .. മറ്റാരെക്കാളും
എന്റെ നാട്ടിലെ ലീഗ് പ്രവര്‍ത്തകരോട് .... അവരായിരുന്നു എന്റെ എല്ലാം ....
പുതിയ ജീവിത യാത്രക്കൊരുങ്ങുമ്പോള്‍ എവിടെയോ എനിക്കായ് ഒരിടം ദൈവം കരുതി വെച്ചിട്ടുണ്ടാവും...

Post a Comment
0 Comments