കാസര്‍കോട്:(www.evisionnews.in) നീലേശ്വരത്തെ ജിഷ കൊലക്കേസ് പ്രതിയെ ജാമ്യത്തില്‍ വിട്ടു. ഒഡീഷ, ജോഡ്പൂര്‍, ബസ്താര്‍ സ്വദേശി തുഷാര്‍സിംഗ് മാലിക് എന്ന മദന്‍മാലികി(22)നാണ് ജില്ലാ അഡീ.സെഷന്‍സ് കോടതി (രണ്ട്) ജാമ്യം അനുവദിച്ചത്.
നീലേശ്വരം, കക്കാട്ടെ ഗള്‍ഫുകാരന്‍ രാജേന്ദ്രന്റെ ഭാര്യ പി.കെ.നിഷ (24)യെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മദന്‍ മാലിക്. 2012 ഫെബ്രുവരി 19ന് ആണ് കേസിനാസ്പദമായ സംഭവം. രാജേന്ദ്രന്റെ വീട്ടുജോലിക്കാരനായ മദന്‍മാലിക് സംഭവ ദിവസം വൈദ്യുതി നിലച്ച സമയത്ത് അടുക്കളയില്‍ കയറി ജിഷയെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തില്‍ പ്രതിയായ മദന്‍ മാലികിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ മദന്‍ മാലികിനെ മാത്രം അറസ്റ്റുചെയ്തതില്‍ സംശയം ഉണ്ടെന്നും കേസ് പുനരന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് കോട്ടമലയിലെ പി.കെ.കുഞ്ഞിക്കണ്ണന്‍ പരാതി നല്‍കി. തുടര്‍ന്ന് ലോക്കല്‍ പൊലീസ് വീണ്ടും അന്വേഷണം നടത്തുകയും കൊലപാതകത്തില്‍ മദന്‍മാലിക് മാത്രമാണ് പ്രതിയെന്നു കണ്ടെത്തുകയും കുറ്റപത്രം നല്‍കുകയും ചെയ്തു.
എന്നാല്‍ മതിയായ അന്വേഷണം നടത്തിയില്ലെന്നും കേസ് ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കുഞ്ഞിക്കണ്ണന്‍ വീണ്ടും പരാതി നല്‍കി. ഇതനുസരിച്ച് ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുകയും കൊലപാതകത്തില്‍ മദന്‍മാലിക് മാത്രമാണ് പ്രതിയെന്നു കാണിച്ച് ലോക്കല്‍ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിനു അടിവരയിടുകയും ചെയ്തു. തുടര്‍ന്ന് കേസ് വിചാരണ ആരംഭിക്കാനിരിക്കെ ജിഷയുടെ പിതാവ് കുഞ്ഞിക്കണ്ണന്‍ കോടതിയെ സമീപിക്കുകയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഈ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന തനിക്ക് ജാമ്യം അനുവദിക്കണമെന്ന് കാണിച്ച് മദന്‍മാലിക് കോടതിയില്‍ അപേക്ഷ നല്‍കിയതും കോടതി ജാമ്യഹരജി അംഗീകരിക്കുകയും ചെയ്തത്.

Post a Comment
0 Comments