Type Here to Get Search Results !

Bottom Ad

ഡോ. ശ്രീപദ് റാവുവിന് എന്‍.എ സുലൈമാന്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു


കാസര്‍കോട്: (www.evisionnews.in)ജീവിത വിശുദ്ധി കൊണ്ട് സമൂഹത്തെ വിസ്മയിപ്പിച്ച എന്‍.എ സുലൈമാന്‍ ഇപ്പോഴും വെണ്മയോടെ ഈ പരിസരങ്ങളില്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം സേവന മാഹാത്മ്യം കൊണ്ട് മറ്റൊരു വിസ്മയമായി തീര്‍ന്ന ഡോ. എ. ശ്രീപദ് റാവുവിന് നല്‍കുക വഴി പുരസ്‌കാരത്തിന് തിളക്കമേറിയിരിക്കുകയാണെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. 

തളങ്കര റഫി മഹലിന്റെ ആഭിമുഖ്യത്തില്‍ വനിതാ ഭവനില്‍ സംഘടിപ്പിച്ച എന്‍.എ സുലൈമാന്‍ അനുസ്മരണ ചടങ്ങില്‍ സുലൈമാന്റെ പേരിലുള്ള പുരസ്‌കാരം ഡോ. ശ്രീപദ് റാവുവിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. റഫി മഹല്‍ പ്രസിഡണ്ട് പി.എസ് ഹമീദ് അധ്യക്ഷത വഹിച്ചു. അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. അഡ്വ. പി.വി ജയരാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. 

പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ മഹമൂദ് ഹാജി, എന്‍.എ അബൂബക്കര്‍, നാരായണന്‍ പേരിയ, അഡ്വ. വി.എം മുനീര്‍, കെ.എം അബ്ദുല്‍ റഹ്മാന്‍, സി.എല്‍ ഹമീദ്, എ.എസ് മുഹമ്മദ് കുഞ്ഞി, മുജീബ് അഹ്മദ്, ടി.എ ഷാഫി, ബി.എസ് മഹ്മൂദ്, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, ഷാഫി തെരുവത്ത്, ഉസ്മാന്‍ കടവത്ത്, മാഹിന്‍ ലോഫ്, ടി.എം അബ്ദുല്‍ റഹ്മാന്‍, സാഹിബ് ഷരീഫ് പ്രസംഗിച്ചു. പി.കെ സത്താര്‍ സ്വാഗതവും എരിയാല്‍ ഷരീഫ് നന്ദിയും പറഞ്ഞു. 

അവാര്‍ഡ് തുക രോഗിക്ക് കൈമാറി 
ഡോ. ശ്രീപദ് റാവു വീണ്ടും നന്മയുടെ അഴകായി


കാസര്‍കോട്: (www.evisionnews.in)മികച്ച സേവനവും തുച്ഛമായ ഫീസുമായി ജനഹൃദയങ്ങളില്‍ കുടിയേറി പാര്‍ത്ത ഡോ. എ. ശ്രീപദ് റാവു തനിക്ക് കിട്ടിയ അവാര്‍ഡ് തുക അതേ വേദിയില്‍ വെച്ച് ഒരു രോഗിക്ക് നല്‍കി വീണ്ടും വിസ്മയമായി. 

ഇന്നലെ വനിതാഭവനില്‍ എന്‍.എ സുലൈമാന്റെ പേരിലുള്ള പുരസ്‌കാരത്തോടൊപ്പം സ്വീകരിച്ച പതിനായിരം രൂപ പാരിതോഷികമാണ് മാരകമായ രോഗത്തിനടിമയായ തളങ്കരയിലെ ഒരു സ്ത്രീക്ക് അതേ വേദിയില്‍ വെച്ച് നല്‍കി ഡോ. ശ്രീപദ് റാവു വീണ്ടും നന്മയുടെ ഉദാത്ത മാതൃകയായത്. തനിക്കുള്ള അവാര്‍ഡ് തുക അര്‍ഹയായ ഏതെങ്കിലും രോഗിക്ക് നല്‍കണെന്ന് ഡോ: റാവു നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് റഫി മഹല്‍ ഭാരവാഹികള്‍ നടത്തിയ അന്വേഷണത്തിലാണ് മാരകമായ രോഗവുമായി, ചികിത്സിക്കാന്‍ വകയില്ലാതെ കഷ്ടപ്പെടുന്ന ഒരു സ്ത്രീയെ കണ്ടെത്തിയത്. വേദിയില്‍ വെച്ച് അവരുടെ ഉമ്മക്ക് ഡോ. റാവു തുക കൈമാറുകയായിരുന്നു. ഡോക്ടറുടെ ഈ നന്മ മനസ്സിനെ വലിയ കയ്യടിയോടെയാണ് സദസും വേദിയും വരവേറ്റത്.

Post a Comment

0 Comments

Top Post Ad

Below Post Ad