കാസര്‍കോട്:(www.evisionnews.in)ജില്ലയില്‍ തെരുവ് നായ്ക്കളുടെ പ്രജനനം നിയന്ത്രിക്കുന്നതിനുള്ള പദ്ധതി ഊര്‍ജ്ജിതമാക്കാന്‍ കളക്ടറുടെ ചേമ്പറില്‍ ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. സര്‍ക്കേരേതര സംഘടനകളുടെ സഹായത്തോടെ ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണിത്. കാസര്‍കോട് ജില്ലാ വെറ്ററനറി കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ജില്ലാ നിര്‍മ്മിതി കേന്ദ്രം സമര്‍പ്പിച്ച എസ്റ്റിമേറ്റ് യോഗം അംഗീകരിച്ചു. പിടികൂടിയ നായ്ക്കളെ സംരക്ഷിക്കുന്നതിനും വന്ധ്യംകരിക്കുന്നതിനുളള സംവിധാനവും ചുറ്റുമതില്‍ നിര്‍മ്മാണവും ഉടന്‍ നടത്തും.
ആദ്യഘട്ടത്തില്‍ കാസര്‍കോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തോട് ചേര്‍ന്ന് സംവിധാനമൊരുക്കും. തുടര്‍ന്ന് ആറ് ബ്ലോക്ക് പഞ്ചായത്തുകളിലും മൃഗാശുപത്രികളോട് ചേര്‍ന്ന് തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിന് സംവിധാനമൊരുക്കും. മലയോരമേഖലയില്‍ തെരുവ് നായശല്യം രൂക്ഷമായ സാഹചര്യത്തില്‍ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാരേതര സംഘടനകളുടെ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് ആദ്യമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, ജില്ലാ മൃസംരക്ഷണ ഓഫീസര്‍ ഡോ. ശ്രീനിവാസ്, ഡോ. രാജഗോപാല്‍ കര്‍ത്ത, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി എം ജയകുമാര്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം അസി. എഞ്ചിനീയര്‍ എം പി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment
0 Comments