Type Here to Get Search Results !

Bottom Ad

എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമർശനവുമായി എ.പി. വിഭാഗം വിദ്യാർത്ഥി സംഘടന രംഗത്ത്

കോഴിക്കോട്:(www.evisionnews.in) എസ്എഫ്‌ഐ അക്രമ രാഷ്ട്രീയമവസാനിപ്പിച്ച് ജനാധിപത്യത്തിന്റെ വഴി തിരഞ്ഞെടുക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. എറണാകുളം മഹാരാജാസിലും കോവളത്തും എസ്എഫ് ഐ നടത്തിയത് ഗുണ്ടാവിളയാട്ടമാണ്. രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എസ് എഫ് ഐ ക്ക് ആരും തീറെഴുതി നല്‍കിയിട്ടില്ല. ഹൈദരാബാദ് വിഷയത്തില്‍ ഇടതു വിദ്യാര്‍ഥി സംഘടനയുടെ ഇടപെടല്‍ ആത്മാര്‍ത്ഥമാണെങ്കില്‍ ഇതേ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഏത് സമരത്തോടും ഐക്യപ്പെടുകയാണ് എസ് എഫ് ഐ ചെയ്യേണ്ടിയിരുന്നത്. അതിനു പകരം, രോഹിത് വിഷയത്തില്‍ പ്രതികരിക്കാന്‍ തങ്ങള്‍ക്ക് മാത്രമേ അവകാശമുള്ളൂവെന്ന എസ് എഫ് ഐ ധാര്‍ഷ്ട്യമാണ് മഹാരാജാസില്‍ പ്രകടമായത്. എസ്എഫ് ഐക്ക് മൃഗീയാധിപത്യമുള്ള കാമ്പസുകളില്‍ ഫാഷിസ്റ്റ് സ്വഭാവത്തോടെയാണ് സംഘടന പ്രവര്‍ത്തിക്കാറുള്ളത്. മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സാഹചര്യം പോലുമുണ്ട്. കോവളത്ത് നടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിന്റെ താല്പര്യം എന്തു തന്നെയായിരുന്നാലും ടി പി ശ്രീനിവാസനെ അക്രമിച്ചതിന് അത് ന്യായീകരണമാകുന്നില്ല. സംഘടനയുടെ ക്ഷമാപണം സത്യസന്ധമെങ്കില്‍ ശ്രീനിവാസന്റെ മുഖത്തടിച്ച ജില്ലാനേതാവിനെ പുറത്താക്കണം. അണികള്‍ക്ക് മാതൃകയാകേണ്ട നേതാക്കള്‍ തന്നെ ഇത്തരം അതിക്രമങ്ങള്‍ നടത്തിയതിലൂടെ അവിവേകികളുടെ ആള്‍കൂട്ടമായി എസ് എഫ് ഐ മാറുന്നു എന്ന സംശയം ബലപ്പെടുകയാണ് . വിദ്യാഭ്യാസത്തിന്റെ കച്ചവടവല്‍കരണം എതിര്‍ക്കപ്പെടേണ്ടതെങ്കിലും ഇത്തരത്തിലൊരു സംഗമവും കേരളത്തില്‍ നടക്കരുതെന്ന ദുശാഠ്യം ജനാധിപത്യവിരുദ്ധമാണ്. വിഷയങ്ങളില്‍ പ്രതികരിക്കുന്നതിന് മുമ്പ് എസ് എഫ് ഐ നന്നായി ഗൃഹപാഠം ചെയ്യണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു. എന്‍ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു.

keywords : sfi-ssf-statement-maharajas-kovalam-issue

Post a Comment

0 Comments

Top Post Ad

Below Post Ad