Type Here to Get Search Results !

Bottom Ad

ഉമ്മന്‍ചാണ്ടിക്കെതിരെ പരാതിയുമായി പള്ളിവികാരി പിണറായിക്ക് മുമ്പില്‍

കാസര്‍കോട് (www.evisionnews.in): കോട്ടയത്തെ പുതുപ്പളളിക്കാരായ തോട്ടമുടമയും റവന്യൂ അധികൃതരും നടത്തിയ ചതിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ഒത്താശ ചെയ്യുന്നുവെന്ന വെള്ളരിക്കുണ്ടിലെ 205 കുടുംബങ്ങളുടെ പരാതിയുമായി കര്‍മസമിതി ഭാരവാഹികള്‍ ഫാദര്‍ ആന്റണി തെക്കേമുറിയിലിന്റെ നേതൃത്വത്തിലുള്ള സംഘം നവകേരളമാര്‍ച്ചിനിടയില്‍ ചട്ടഞ്ചാലില്‍ പിണറായി കാണാനെത്തി. 

ഫാദര്‍ ആന്റണി തെക്കേമുറിയിലാണ് പരാതിക്കാരുടെ കര്‍മ്മ സമിതിയെ നയിക്കുന്നത്. നികുതി സ്വീകരിക്കാത്തതിനാല്‍ ഈ കുടുംബങ്ങള്‍ക്ക് ഭൂമിയില്‍ ഒന്നും ചെയ്യാനാകുന്നില്ല. ജനങ്ങളെ വഞ്ചിച്ച് ഭൂമി വില്‍പന നടത്തിയ പുതുപ്പള്ളിക്കാരായ തോട്ടം ഉടമകളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സംരക്ഷിക്കുന്നതെന്ന് ഫാദര്‍ ആന്റണിയും കര്‍മസമിതി അംഗങ്ങളും പിണറായിയെ ധരിപ്പിച്ചു. 

നാലുപതിറ്റാണ്ട് മുമ്പ് വെള്ളരിക്കുണ്ടിലെ പ്രകാശ് പ്ലാന്റേഷന്റെ കൈവശമുള്ള തോട്ടം ഭൂമി വിലകൊടുത്തു വാങ്ങിയവരാണ് വെട്ടിലായത്. 1962ലാണ് 112/11 എ1ല്‍പെട്ട 620 ഏക്കര്‍ ഭൂമി പ്രകാശ് പ്‌ളാന്റേഷന്‍ കമ്പനി കൈക്കലാക്കുന്നത്. പിന്നീട് കെഎല്‍ആര്‍ ആക്ട് നിലവില്‍ വന്നതോടെ 315 ഏക്കര്‍ വനഭൂമിയായും 30 ഏക്കര്‍ മിച്ചഭൂമിയായും സര്‍ക്കാര്‍ ഏറ്റെടുത്തു. ശേഷിക്കുന്ന 275 ഏക്കര്‍ ഭൂമി റബര്‍തോട്ടം രജിസ്‌ട്രേഷനുള്ളതിനാല്‍ കമ്പനിക്ക് ലഭിച്ചു. ഇങ്ങനെ ലഭിച്ച ഭൂമി റീ പ്ലാന്റേഷന്റെ സമയത്ത് പല ആളുകള്‍ക്കായി കമ്പനി മുറിച്ചുവിറ്റു. തോട്ടം ഭൂമി മുറിച്ചുവില്‍ക്കാന്‍ അനുവാദമില്ല എന്നിരിക്കെ രജിസ്ട്രാര്‍ ഓഫീസ്, റവന്യു ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തോട്ടമുടമ ജനങ്ങളെ പറ്റിക്കുകയായിരുന്നു.

അഞ്ചു സെന്റുമുതല്‍ പത്തേക്കര്‍ വരെയുള്ളവര്‍ ഇതിലുണ്ട്. എട്ടു പട്ടികവര്‍ഗ കുടുംബവും പെടും. പോക്കുവരവ് ചെയ്ത ഭൂമിക്ക് നികുതി സ്വീകരിച്ചിരുന്നു. എന്നാല്‍ 2013 മുതല്‍ നികുതി സ്വീകരിക്കുന്നില്ല. ഇതോടെ കൃഷി, മക്കളുടെ വിവാഹം, പഠനം എന്നിവയ്ക്ക് ബാങ്കിനെ ആശ്രയിച്ചവര്‍ ദുരിതത്തിലായി. നികുതി രസീത് ഇല്ലാത്തതിനാല്‍ വായ്പ പുതുക്കാനോ പുതിയത് എടുക്കാനോ സാധിക്കുന്നില്ല. 

കര്‍മസമിതി നേതൃത്വത്തില്‍നടന്ന് താലൂക്ക് ഓഫീസ് ഉപരോധം ജനുവരി 24ന് മുമ്പ് തീരുമാനമാകുമെന്ന് എഡിഎം ഉറപ്പുനല്‍കിയതിനാലാണ് പിന്‍വലിച്ചത്. ഈ വിഷയത്തില്‍ ഇടപെടുമെന്നും പ്രക്ഷോഭത്തിന് കൂടെയുണ്ടാകുമെന്നും പിണറായി ഉറപ്പുനല്‍കി.സമരസമിതി ഭാരവാഹികളായ ബിജു തുളിശേരി, ജോസ് കാക്കകൂട്ടങ്കല്‍, ബേബി പനക്കാത്തോട്ടം, ജില്ലാപഞ്ചായത്തംഗം ഇ പത്മാവതി, സിപിഎം എളേരി ഏരിയാ സെക്രട്ടറി സാബു അബ്രഹാം, ജോസഫ് രാജു, സണ്ണി മങ്കയം സംഘത്തിലുണ്ടായിരുന്നു.


Keywords: Kasaragod-news-pinarayi




Post a Comment

0 Comments

Top Post Ad

Below Post Ad