Type Here to Get Search Results !

Bottom Ad

വാലിന് തീപിടിച്ച കുരങ്ങിനെ പോലെ എല്‍.ഡി.എഫ് പരക്കം പായുന്നു -വെള്ളാപ്പള്ളി

കാസര്‍കോട് (www.evisionnews.in): എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്രയ്ക്ക് മധൂര്‍ സിദ്ധിവിനായക മദനന്തേശ്വര ക്ഷേത്ര പരിസരത്ത് തുടക്കമായി. ക്ഷേത്ര ആചാരപ്രകാരം ചടങ്ങുകള്‍ നിര്‍വഹിച്ച ശേഷം കെടാവിളക്ക് കൊളുത്തിയാണ് സമത്വമുന്നേറ്റ യാത്രയ്ക്ക് തുടക്കമായത്. യാത്രയുടെ ഔപചാരികമായ ഉദ്ഘാടനം വൈകിട്ട് മൂന്നുമണിക്ക് പുതിയ ബസ്റ്റാന്റ് പരിസരത്തെ മൈതാനത്ത് നടക്കും. 

മധൂര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങില്‍ നടേശന്റെ ഭാര്യ പ്രീതി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, എസ്.എന്‍ഡി.പി ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷും വിവിധ ഹിന്ദു സംഘടനാനേതാക്കളും സന്നദ്ധരായിരുന്നു. 

എല്‍.ഡി.എഫിനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ചു കൊണ്ടാണ് വെള്ളാപ്പള്ളി ക്ഷേത്ര പരിസരത്ത് മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. സംഘ്പരിവാറിന്റെയും തങ്ങളെ സഹായിക്കുന്ന ആരുടെയും പിന്തുണ സ്വീകാര്യമാണെന്ന് നടേശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സിപിഎമ്മിന് എന്താണ് ഭയമെന്നും അദ്ദേഹം ചോദിച്ചു. വാലിന് തീപിടിച്ച കുരങ്ങിന്റെ അവസ്ഥയാണ് സിപിഎമ്മിന്റെത്. ഏറ്റവുമൊടുവില്‍ അവര്‍ സമത്വ മുന്നേറ്റയാത്ര ഉദ്ഘാടനം ചെയ്യുന്ന സന്യാസി വര്യന്‍ പേജാവര്‍ മഠാധിപതിയെയാണ് അധിക്ഷേപിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോള്‍ അവര്‍ണരുടെ കാര്യം പറഞ്ഞ് എസ്.എന്‍.ഡി.പിയെ ആക്രമിക്കുകയാണ്. അവര്‍ണരെ എന്നെന്നും അവഗണിച്ച പാര്‍ട്ടിയാണ് സിപിഎം. അവരുടെ പോളിറ്റ് ബ്യൂറോയില്‍ സവര്‍ണമേധാവിത്വമാണ്. തങ്ങള്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ സിപിഎമ്മിന് വന്‍തലവേദനയാണ്. ഇതൊന്നും കൊണ്ട് തങ്ങളുടെ ലക്ഷ്യം മുടക്കാനാവില്ല. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുക തന്നെചെയ്യും. ബിജെപിയുമായി സഹകരിക്കണമോ എന്ന് തുടര്‍ന്ന് ആലോചിക്കും. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി കെ സുകുമാരന്‍ നായര്‍ ഒഴികെ ഭൂരിഭാഗം നായന്മാരും സമത്വ മുന്നേറ്റ യാത്രക്കൊപ്പമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

എല്‍.ഡി.എഫും യു.ഡി.എഫും അവര്‍ണര്‍ക്ക് വേണ്ടി യാതൊന്നും ചെയ്തിട്ടില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. അതിനിടെ ബിജെപി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍ മധൂര്‍ ക്ഷേത്രത്തിലെത്തി വെള്ളാപ്പള്ളിക്കും യാത്രാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad