തന്റെ ആദ്യ ചിത്രത്തിന് ‘അനാര്‍ക്കലി’യെന്ന പേരാണ് സച്ചി നല്‍കിയത്. മുഗള്‍ രാജകുമാരന്‍ സലീമും അനാര്‍ക്കലിയും തമ്മിലുള്ള അനശ്വര പ്രണയകഥ അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ പേരിട്ടതും. പൃഥ്വിരാജും പ്രിയാര്‍ ഗോറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പ്രണയകഥയായതുകൊണ്ടുതന്നെയാണ് ഈ പേരിട്ടത്. എന്നാല്‍ തനിക്ക് ഈ പേര് ഭാഗ്യദോഷമാവുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് സച്ചി പറയുന്നത്. ‘ഒരു സ്ത്രീയുടെ പ്രേതം ഈ ചിത്രത്തിന്റെ ടീമിനെ വേട്ടയാടും’ എന്ന് ഷൂട്ടിങ് തുടങ്ങുന്നതിനു മുമ്പു തന്നെ തനിക്ക് ജോത്സ്യന്‍ മുന്നറിയിപ്പു നല്‍കിയിരുന്നെന്നാണ് സച്ചി പറയുന്നത്.
‘അനാര്‍ക്കലി തുടങ്ങുന്നതിനു മുമ്പ് ഞങ്ങളുടെ നിര്‍മാതാവ് ഒരു ജോത്സ്യനെ കണ്ടിരുന്നു. അദ്ദേഹം പറഞ്ഞു ഒരു സ്ത്രീയുടെ പ്രേതം ഈ ചിത്രത്തെ ചുറ്റിപ്പറ്റിയുണ്ടെന്നാണ്. ഷൂട്ടിങ് സമയത്ത് ഞങ്ങള്‍ക്ക് സ്ഥിരമായി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു.’ അദ്ദേഹം പറയുന്നു. ഈ പ്രശ്‌നം പരിഹരിക്കണമെങ്കില്‍ അനാര്‍ക്കലിയുടെ ശവകുടീരത്തില്‍ പരിഹാര പൂജ ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ‘അനാര്‍ക്കലിയുടെ ശവകുടീരം കണ്ടെത്താനായി ഞങ്ങള്‍ ദല്‍ഹിയിലും ആഗ്രയിലും അന്വേഷണം നടത്തി. എന്നാല്‍ അതു കണ്ടെത്താനായില്ല. പിന്നീടാണ് ശവകുടീരം ലാഹോറിലാണെന്ന് ഞങ്ങള്‍ അറിഞ്ഞത്. എന്നാല്‍ ചില പരിമിതികള്‍ കാരണം ഞങ്ങള്‍ക്ക് അവിടെ പോകാനോ പരിഹാരക്രിയകള്‍ നടത്താനോ സാധിച്ചില്ല.’ സച്ചി വ്യക്തമാക്കി.
ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ മരണത്തെ മുഖാമുഖം കണ്ട പല സാഹചര്യങ്ങളും ഉണ്ടായിരുന്നു. മൂകാംബിക ക്ഷേത്രത്തില്‍ നിന്നും മടങ്ങുന്ന വഴി ചിത്രത്തിന്റെ തിരക്കഥയുടെ മാസ്റ്റര്‍ കോപ്പി കാണാതായതായിരുന്നു തുടക്കത്തില്‍ തന്നെയുണ്ടായ കല്ലുകടി. സ്‌ക്രിപ്റ്റ് സൂക്ഷിച്ച ബാഗ് ആരോ മോഷ്ടിച്ചു. എന്നാല്‍ തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ ഉപേക്ഷിച്ച നിലയില്‍ ആ ബാഗ് പോലീസ് കണ്ടെത്തി. പണവും ഫോണും ടാബും നഷ്ടപ്പെട്ടെങ്കിലും സ്‌ക്രിപ്റ്റ് അതില്‍ത്തന്നെയുണ്ടായിരുന്നു. ലക്ഷദ്വീപ് നിരീക്ഷിക്കുന്നതിനായി അണിയറ പ്രവര്‍ത്തകര്‍ യാത്രതിരിച്ചപ്പോഴും പ്രശ്‌നങ്ങളുണ്ടായി. മൂന്നരമണിക്കൂര്‍ യാത്രയേ ഉള്ളൂ എന്നാണ് അറിഞ്ഞത്. അതുകൊണ്ട് പുലര്‍ച്ചെ തന്നെ യാത്രിതിരിച്ചു.
‘ഞങ്ങള്‍ ദ്വീപിലെത്തിയത് 12 മണിക്കൂര്‍ കഴിഞ്ഞാണ്. ഞങ്ങള്‍ക്ക് വഴി തെറ്റി. രാത്രി തിരിച്ചു യാത്ര ചെയ്യുമ്പോള്‍ കടല്‍ ഏറെ പ്രക്ഷുബ്ധമായിരുന്നു. ഒമ്പത് അടിയോളം ഉയര്‍ന്ന് അത് ബോട്ടില്‍ ഇടിക്കാന്‍ തുടങ്ങി’ സച്ചി പറയുന്നു. ‘ എല്ലാവര്‍ക്കും പ്രതീക്ഷ നഷ്ടപ്പെട്ടു. ഞങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. മണിക്കൂറോളം ഭീതിയില്‍ കടലില്‍ കഴിഞ്ഞ ഞങ്ങള്‍ ഒരു വിധംകരപറ്റി’ സച്ചി വിശദീകരിക്കുന്നു.
Keywords: anarkali-movie-sachi

Post a Comment
0 Comments