കാസര്‍കോട്:(www.evisionnews.in) സ്വന്തമായി ഭൂമിയും വീടുമില്ലാത്ത പട്ടികജാതി കുടുംബങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് കാസര്‍കോട് നഗരസഭ വിഭാവനം ചെയ്ത ഫ്‌ളാറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. ആഗസ്ത് മാസത്തോടെ ഫ്‌ളാറ്റുകള്‍ ഉദ്ഘാടനത്തിന് സജ്ജമാകും. കാസര്‍കോട് നഗരസഭയില്‍ മഹാത്മാഗാന്ധി കോളനിയിലാണ് പട്ടികജാതിക്കാര്‍ക്ക് ഫ്‌ളാറ്റൊരുങ്ങുന്നത്. ഫ്‌ളാറ്റിന്റെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുളള നടപടികളും ആരംഭിച്ചു.
70 സെന്റ് സ്ഥലത്ത് 12 ഫ്‌ളാറ്റുകളാണ് ഒരുക്കുന്നത്. ഇതില്‍ എട്ട് ഫ്‌ളാറ്റുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു നാലു ഫ്‌ളാറ്റുകളുടെ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ അവശേഷിക്കുന്നു. ബെഡ്‌റൂം, ഹാള്‍, അടുക്കള, ബാത്ത്‌റൂം എന്നീ സൗകര്യങ്ങളോട് കൂടിയ ഫ്‌ളാറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഫാളാറ്റിലേക്കുളള ജലസേചനസൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫ്‌ളാറ്റിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ക്ക് 95 ലക്ഷം രൂപ ചെലവഴിച്ചു. കാസര്‍കോട് നഗര സഭയുടെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ എസ്.സി പ്ലാന്‍ ഫണ്ടില്‍ നിന്നാണ് ഫ്‌ളാറ്റ് നിര്‍മാണത്തിനുള്ള തുക വകയിരുത്തിയത്.
സാമ്പത്തിക പ്രയാസം നേരിടുന്ന ഭൂ-ഭവനരഹിതരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് സ്വന്തമായി സ്ഥലവും വീടും ലഭ്യമാകുന്നത് വരെ താല്‍ക്കാലിക വാസസ്ഥാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. പട്ടിക വിഭാഗത്തിന് മെച്ചപ്പെട്ട ജീവിത സൗകര്യം നല്‍കുന്നതിനും ഒരേ സ്ഥലത്തേക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിനും ഇതു വഴി സാധിക്കും.
ഈ ഫ്‌ളാറ്റിനോട് ചേര്‍ന്ന് ഒരു അംഗന്‍വാടി കൂടി സ്ഥാപിക്കുന്നതിന് മുനിസിപ്പാലിറ്റിക്ക് പദ്ധതിയുണ്ട്. ഫ്‌ളാറ്റിലേക്ക് നഗരത്തില്‍ നിന്ന് എത്തിച്ചേരുന്ന റോഡിന്റെ നവീകരണവും നടത്തിയിട്ടുണ്ട്.
keywords :sc-family-flat-kasaragod
Post a Comment
0 Comments