Type Here to Get Search Results !

Bottom Ad

മെസ്സിയോ, ന്യൂയറോ, ക്രിസ്റ്റിയോ? ലോക ഫുട്‌ബോളറെ ഇന്നറിയാം


സൂറിച്ച്: (www.evisionnews.in)  ലോകഫുട്‌ബോളര്‍ക്ക് നല്‍കുന്ന ബാലണ്‍ ഡി ഓര്‍ പുരസ്‌ക്കാരദാന ചടങ്ങിന് സൂറിച്ചില്‍ അരങ്ങൊരുങ്ങി. പ്രാദേശിക സമയം വൈകീട്ട് ഏഴുമുതല്‍ നടക്കുന്ന ചടങ്ങി0ലാണ് ലോക ഫുട്‌ബോളര്‍ അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കുന്നത്. ഫിഫയുടെ അംഗരാജ്യങ്ങളിലെ ടീം നായകന്‍മാരും കോച്ചുമാരും തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകരുമാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും അര്‍ജന്റീനയുടെ ബാഴ്‌സലോണ താരം ലയണല്‍ മെസ്സിയ്ക്കും പുറമേ ജര്‍മ്മനിക്ക് ലോകകപ്പ് നേടിക്കൊടുത്ത ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയറും ഇത്തവണ പുരസ്‌ക്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
റയല്‍മാഡ്രിഡിനെ യൂറോപ്യന്‍ കപ്പ് ചാമ്പ്യന്‍മാരാക്കിയ റൊണാള്‍ഡോ 2014 ല്‍ 61 ഗോളുകള്‍ നേടി. ചാമ്പ്യന്‍സ് ലീഗിലും മികച്ച പ്രകടനമാണ് റൊണാള്‍ഡോ നടത്തുന്നത്. ഒരു കളിക്കാരന്‍ ഒരു ടൂര്‍ണമെന്റില്‍ നേടുന്ന ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡും റൊണാള്‍ഡോയുടെ പേരിലാണ്. 17 ഗോളുകളാണ് ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞവര്‍ഷം അദ്ദേഹം നേടിയത്. കോപ്പ ഡെല്‍ റേ ട്രോഫിയും ഫിഫ ക്ലബ് വേള്‍ഡ് കപ്പും റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ റയല്‍ മാഡ്രിഡ് നേടി. മുന്‍ കളിക്കാരായ അലന്‍ ഷിററും റൂഡ് ഗുള്ളിറ്റും ഇത്തവണത്തെ പുരസ്‌ക്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാകുമെന്ന് പ്രവചിച്ചിട്ടുണ്ട്. ലോകകപ്പില്‍ മികച്ച പ്രകടനം നടത്താനാകാതെ പോയതാണ് റോണോയ്ക്ക് തിരിച്ചടിയാകുന്നത്.
അതേസമയം ലയണല്‍ മെസ്സിക്ക് അത്ര മികച്ച വര്‍ഷമായിരുന്നില്ല 2014. പ്രധാനപ്പെട്ട കിരീടങ്ങളൊന്നും ക്ലബിനും രാജ്യത്തിനും വേണ്ടി നേടിക്കൊടുക്കാന്‍ മെസ്സിക്ക് കഴിഞ്ഞില്ല. ബാഴ്‌സലോണയ്ക്ക് വേണ്ടി 48 കളികളില്‍ നിന്ന് 45 ഗോളുകള്‍ മെസ്സി നേടി. അര്‍ജന്‍റീനയെ ലോകകപ്പ് ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണ്ണായ പങ്കുവഹിച്ച മെസ്സിയ്ക്കും സാധ്യത കല്‍പിക്കുന്നവരുണ്ട്.
ചരിത്രത്തിലാദ്യമായി ഒരു ഗോള്‍കീപ്പര്‍ ബാലണ്‍ ഡി ഓര്‍ പുരസ്കാരത്തിന് അര്‍ഹനാകുകയാണെങ്കില്‍ അതിന് ഏറ്റവുമധികം യോഗ്യത മാന്വല്‍ ന്യൂയറിനാണ്. ജര്‍മനിക്ക് ലോകകപ്പ് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായകമായത് ന്യൂയറിന്‍റെ പ്രകടനമാണ്. ബയേണ്‍ മ്യൂണിക്കിനെ ബുണ്ടസ് ലീഗ് ചാമ്പ്യന്‍മാരാക്കിയതും രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുത്തതും മാനുവല്‍ ന്യൂയറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.
2008 മുതല്‍ 2013 വരെ ബാലണ്‍ ഡി ഓര്‍ പുരസ്‌ക്കാരം ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കിട്ടെടുക്കുകയായിരുന്നു. 2008 ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പുരസ്‌ക്കാരം നേടിയത്. മെസ്സി ആ വര്‍ഷം രണ്ടാം സ്ഥാനത്തെത്തി. 2009 മുതല്‍ 2012 വരെ മെസ്സി പുരസ്‌ക്കാരം നേടി. മൂന്നുവര്‍ഷവും രണ്ടാം സ്ഥാനം ക്രിസ്റ്റ്യാനോയ്ക്കായിരുന്നു. 2013 ല്‍ മെസ്സിയെ പിന്തള്ളി ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്കാരം സ്വന്തമാക്കി.

evisionnews


Keywords: Messi, Neyar, Christiano ronaldo, world player
Tags

Post a Comment

0 Comments

Top Post Ad

Below Post Ad